
കൊച്ചി: മലയാളികളെ ശരിക്കും വിഷമിപ്പിക്കുന്ന മറ്റൊരു വില വര്‍ദ്ധന വാര്‍ത്ത പുറത്ത്. വെളിച്ചെണ്ണ വിലയാണ് സര്‍വ്വകാല റെക്കോര്‍ഡും തകര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കുന്നത്. പാചകത്തില്‍ വെളിച്ചെണ്ണയില്ലാത്ത ഒരു സ്ഥിതി മലയാളികള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. ഒരു കിലോ വെളിച്ചെണ്ണ കിട്ടണമെങ്കില്‍ ഇപ്പോള്‍ ചുരുങ്ങിയത് 205 രൂപ 50 പൈസ ചെലവാക്കണം. ഇത് മൊത്തവിലയുടെ കാര്യമാണ് പറയുന്നത്. ചില്ലറി വില്‍പന വില ഇതിലും കൂടുമെന്ന് ഉറപ്പാണ്. വെള്ളിയാഴ്ച കൊച്ചി വിപണിയില്‍ ഒരു ക്വിന്റലിന് 350 രൂപയാണ് വര്‍ദ്ധിച്ചത്.
കൊപ്രയാട്ടി വെളിച്ചെണ്ണ എടുക്കുക എന്നത് മലയാളികള്‍ ഇപ്പോഴും മറന്നിട്ടില്ലാത്ത ശീലമാണ്. അല്ലെങ്കില്‍ കൊപ്രയാട്ടുന്ന മില്ലുകളില്‍ നിന്ന് വെളിച്ചെണ്ണ വാങ്ങുന്നവരും ഉണ്ട്. നഗരങ്ങളില്‍ ബ്രാന്‍ഡഡ് വെളിച്ചെണ്ണയ്ക്കാണ് പ്രിയം. ഇത്തരം ബ്രാന്‍ഡഡ് വെളിച്ചെണ്ണകള്‍ വില ഇതിലും കൂടിയിട്ടുണ്ട്.
2020 ല്‍ വെളിച്ചെണ്ണയ്ക്ക് കൊച്ചിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില, കിലോഗ്രാമിന് 155.50 രൂപയായിരുന്നു. അതാണ് ഈ വര്‍ഷം തുടക്കത്തില്‍ തന്നെ അമ്പത് രൂപ കൂടി 205.50 രൂപയായി ഉയര്‍ന്നിരിക്കുന്നത്. വില ഇനിയും കൂടാനാണ് സാധ്യത എന്നാണ് വിവരം. വെളിച്ചെണ്ണ വിലയില്‍ കയറ്റവും ഇറക്കവും എല്ലാം പതിവാണ്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇത്രയും വില വര്‍ദ്ധന ആദ്യമായിട്ടാണ്. 2010 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ 165.50 രൂപയായിരുന്നു കൊച്ചി മാര്‍ക്കറ്റിലെ ഏറ്റവും ഉയര്‍ന്ന മൊത്ത വില്‍പന വില. 2017 ഡിസംബറില്‍ ആയിരുന്നു ഈ വില രേഖപ്പെടുത്തിയത്.
ഈ വര്‍ഷം തുടക്കം മുതലേ വില കൂടിക്കൊണ്ടിരിക്കുകയാണ്. ഫെബ്രുവരിയുടെ തുടക്കത്തില്‍ തന്നെ വെളിച്ചെണ്ണ വില കിലോഗ്രാമിന് 200 രൂപ കടന്നിരുന്നു. ഇപ്പോഴത് 205.50 രൂപ ആയി എന്ന് മാത്രം. നിലവിലെ സാഹചര്യത്തില്‍ വില കൂടുകയേ ഉള്ളൂ. ഇപ്പോഴത്തെ വിലവര്‍ദ്ധനയ്ക്ക് കാരണം കൊപ്രസംഭരണത്തിലെ വര്‍ദ്ധനയാണോ എന്നും സംശയിക്കുന്നുണ്ട്. സംഭരണത്തിലെ നിയന്ത്രണങ്ങള്‍ നീക്കിയതോടെ വന്‍തോതിലാണ് വ്യാപാരികള്‍ കൊപ്ര സംഭരിക്കുന്നത് എന്നാണ് വിവരം. കേരളത്തിലെ വെളിച്ചെണ്ണ വ്യാപാരികളുടെ വിലയിരുത്തലില്‍ ഇത് തന്നെയാണ് വിലക്കയറ്റത്തിന് കാരണം.
തമിഴ്നാടിനെയാണ് കേരളം ഇപ്പോള്‍ വെളിച്ചെണ്ണയുടെ കാര്യത്തില്‍ വലിയ തോതില്‍ ആശ്രയിക്കുന്നത്. അവിടേയും വില കൂടിക്കൊണ്ടിരിക്കുകയാണ്. മറ്റ് എണ്ണകള്‍ കൂടി ചേര്‍ത്തുള്ള ബ്ലന്‍ഡഡ് വെളിച്ചെണ്ണയുടെ വിലയും കൂടുന്നുണ്ട്. സസ്യ എണ്ണകളുടെ വിലയും കൂടിക്കൊണ്ടിരിക്കുകയാണ്. മലയാളികളെ സംബന്ധിച്ച് നിത്യജീവിതത്തിലെ ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഘടകമാണ് വെളിച്ചെണ്ണ. തലയില്‍ തേയ്ക്കുന്നത് മുതല്‍ പാചകം വരെയുള്ള കാര്യങ്ങളില്‍ വെളിച്ചെണ്ണ നിര്‍ബന്ധമാണ്.