കഫേ കോഫി ഡേ വരുമാനത്തില്‍ 28 ശതമാനം വര്‍ധന; നഷ്ടം 23 കോടി രൂപയായി ചുരുങ്ങി

February 16, 2022 |
|
News

                  കഫേ കോഫി ഡേ വരുമാനത്തില്‍ 28 ശതമാനം വര്‍ധന;  നഷ്ടം 23 കോടി രൂപയായി ചുരുങ്ങി

കഫേ കോഫി ഡേയുടെ ഉടമകളായ കോഫി ഡേ ഗ്ലോബലിന്റെ വരുമാനത്തില്‍ 27.58 ശതമാനത്തിന്റെ വര്‍ധനവ്. ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 157.86 കോടി രൂപയാണ് കോഫി ഡേയുടെ വരുമാനം. ഇക്കാലയളവില്‍ സ്ഥാപനത്തിന്റെ നഷ്ടം 23.01 കോടി രൂപയായി കുറയുകയും ചെയ്തു. മുന്‍വര്‍ഷം ഇതേ സമയം 66.11 കോടി രൂപയായിരുന്നു കോഫി ഡേയുടെ നഷ്ടം.

നടപ്പ് സാമ്പത്തിക വര്‍ഷം കഫേ കോഫി ഡേ ഔട്ട്ലെറ്റുകളുടെ എണ്ണം കമ്പനി കുറച്ചിരുന്നു. മുന്‍വര്‍ഷം 614 ഔട്ട്ലെറ്റുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 501 ഔട്ട്ലെറ്റുകളാണ് കോഫി ഡേയ്ക്ക് ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കോഫി വെന്‍ഡിങ് മെഷീനുകളുടെ എണ്ണവും 47,155ല്‍ നിന്ന് 44,420 ആയി കുറച്ചു. പ്രതിദിനം, ശരാശരി 17,401 രൂപയുടെ വില്‍പ്പനയാണ് കഫേ കോഫിഡേ ഔട്ട്ലെറ്റുകള്‍ നേടുന്നത്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ ശരാശരി വരുമാനം 12,987 രൂപയായിരുന്നു.

2021 ഡിസംബറില്‍ മാത്രം 4.75 കോടിയുടെ അറ്റവില്‍പ്പനയാണ് കോഫി ഡേ നേടിയത്. കട ബാധ്യതയെ തുടര്‍ന്ന് കഫേ കോഫി ഡേ ഉടമ വിജി സിദ്ധാര്‍ത്ഥ 2019ല്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് സിഇഒ സ്ഥാനം ഏറ്റെടുത്ത അദ്ദേഹത്തിന്റെ ഭാര്യ മാളവിക ഹെഗ്ഡെയുടെ പ്രവര്‍ത്തനങ്ങളാണ് കമ്പനിയെ വീണ്ടും കരകയറ്റിയത്. 2019 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം 7200 കോടിയുടെ കടബാധ്യതയാണ് കഫേ കോഫി ഡേയ്ക്ക് ഉണ്ടായിരുന്നത്.

Related Articles

© 2025 Financial Views. All Rights Reserved