
ബെംഗലൂരു: രാജ്യത്തെ ബിസിനസ് മേഖലയെ തന്നെ വേദനയിലാഴ്ത്തിയ കഫേ കോഫി ഡേയുടെ തകര്‍ച്ചയാണ് ഇപ്പോഴും ഈ രംഗത്തെ ചര്‍ച്ചാ വിഷയം. കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ത്ഥയുടെ സ്വപ്‌ന പദ്ധതിയായിരുന്ന ഐടി പാര്‍ക്ക് വരെ യുഎസ് ഓഹരി വ്യാപാര കമ്പനിയായ ബ്ലാക്ക് സ്റ്റോണ്‍ 3000 കോടി രൂപയ്ക്ക് വാങ്ങുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കഫേ കോഫീ ഡേ ചെയ്‌നില്‍ വലിയ ഓഹരിക്കായി കൊക്ക കോള നീക്കം നടത്തുന്നുവെന്ന സൂചനകളും പുറത്ത് വരുന്നത്. കമ്പനിയുടെ കടങ്ങള്‍ വീട്ടാനുള്ള മാര്‍ഗം തുറന്നുകൊണ്ട് കഫേ കോഫീ ഡേയില്‍ മികച്ചൊരു ഓഹരി വാങ്ങാമെന്ന ഓഫറുമായിട്ടാണ് കൊക്ക കോള സമീപിച്ചിരിക്കുന്നത്.
എന്നാലിത് കഫേ ബിസിനസില്‍ പുത്തന്‍ ചുവടുവെപ്പ് നടത്താനുള്ള കൊക്ക കോളയുടെ നീക്കമാണെന്നും സംശയങ്ങള്‍ ഉയരുന്നു. നിലവിലെ കണക്കുകള്‍ നോക്കിയാല്‍ കൊക്ക കോളയുടെ ഉത്പന്നങ്ങളുടെ വിപണിയില്‍ ഇപ്പോള്‍ കാര്യമായ ഇടിവാണ് കാണുന്നത്. കഫേ കോഫീ ഡേയുടെ തന്നെ സഹസ്ഥാപനമായ സിക്കാല്‍ ലോജിസ്റ്റിക്‌സും ഇപ്പോള്‍ സ്വത്തുക്കള്‍ വില്‍ക്കാനുള്ള നീക്കത്തിലാണ്. കഫേ ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥ കൊക്ക കോള കമ്പനിയുമായ ജൂണില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു.
എന്നാല്‍ രാജ്യത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന 1750 കഫേ കോഫീ ഡേ ഔട്ട്‌ലെറ്റുകളുടെ നല്ലൊരു ഭാഗത്തില്‍ ഓഹരി വേണമെന്നായിരുന്നു കോക്ക കോളയുടെ ആവശ്യം. എന്നാല്‍ കുറഞ്ഞൊരു ഭാഗം മാത്രം ഓഹരി വിറ്റ് ബാക്കി റീട്ടെയില്‍ ചെയിനുകളുടെ ഉടമസ്ഥത തങ്ങളുടെ കൈവശം തന്നെ വേണമെന്നായിരുന്നു സിദ്ധാര്‍ത്ഥ മുന്നോട്ട് വച്ച നിര്‍ദ്ദേശം. എന്നാലിത് കൊക്ക കോള അംഗീകരിച്ചിരുന്നില്ല. മാത്രമല്ല 8000 കോടിയ്ക്കും 10000 കോടിയ്ക്കും ഇടയിലാണ് വി.ജി സിദ്ധാര്‍ത്ഥ ഓഹരി മൂല്യമായി ആവശ്യപ്പെട്ടത്.
കൊക്ക കോള ആര്‍ക്കും വേണ്ടേ?
രാജ്യത്തെ ശീതള പാനീയ വിപണിയില്‍ തങ്ങളുടേതായ ചുവടുറപ്പിച്ച കമ്പനിയായിരുന്നു കൊക്ക കോള. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളിലെ കണക്കുകള്‍ നോക്കിയാല്‍ വിപണിയല്‍ വന്‍ തിരിച്ചടിയാണ് കൊക്ക കോള നേരിടുന്നത്. ഉപഭോഗം കുറഞ്ഞതോടെ കമ്പനി പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് തയാറാകുന്നതിന്റെ ഭാഗമായിട്ടാകാം കഫേ കോഫീ ഡേ എന്ന ബ്രാന്‍ഡില്‍ നല്ലൊരു ശതമാനം ഓഹരി നേടാന്‍ ശ്രമിക്കുന്നതെന്നും സംശയങ്ങള്‍ ഉയരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളോട് കൊക്ക കോള പ്രതികരിച്ചിട്ടില്ല.
എന്നാല്‍ കൊക്ക കോളയ്ക്ക് കഫേ കോഫീ ഡേയില്‍ നല്ലൊരു ശതമാനം ഓഹരി ലഭിക്കുകയാണെങ്കില്‍ കോഫീ ഭീമനായ സ്റ്റാര്‍ബക്‌സിനോട് കിടപടിക്കുന്ന ഇന്ത്യന്‍ ബ്രാന്‍ഡ് ഉണ്ടാകാനുള്ള സാധ്യതകള്‍ തുറക്കുന്നുണ്ടെന്നും ബിസിനസ് ലോകം വിലയിരുത്തുന്നു. കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കടങ്ങള്‍ വീട്ടാനുള്ള ശ്രമത്തിലാണ് കുടുംബവും. അതിന്റെ ആദ്യപടിയെന്നവണ്ണം കോഫീ ഡേ ഉടമസ്ഥതയിലുള്ള 90 ഏക്കര്‍ ടെക്നോളജി പാര്‍ക്ക് വില്‍ക്കാനൊരുങ്ങുന്നുവെന്നാണ് സൂചന.
അമേരിക്കന്‍ കമ്പനിയായ ബ്ലാക്ക്സ്റ്റോണാകും ഇത് വാങ്ങുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. മാത്രമല്ല ഇതിനായിട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനായി 3000 കോടിയുടെ കരാറാകും തയാറാക്കുക എന്നാണ് വിവരം. ചര്‍ച്ച വിജയിച്ചാല്‍ കോഫി ഡേ സ്ഥാപകന്റെ കടം വീട്ടുന്നതിനുള്ള ആദ്യ ചുവടുവെപ്പാകും. ഓഹരികള്‍ വാങ്ങി കമ്പനി ഉടമസ്ഥത സ്വന്തമാക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് ബ്ലാക്ക് സ്റ്റോണ്‍. ഇന്ത്യയുടെ കോഫി ബിസിനസില്‍ വിപ്ലവം സൃഷ്ടിച്ച കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ മരണത്തിന് പിന്നാലെ നടുക്കുന്ന പിന്നാമ്പുറ കഥയാണ് പുറത്ത് വരുന്നത്.
കഫേ കോഫി ഡേയ്ക്ക് 7000 കോടിയുടെ കട ബാധ്യതയുണ്ടായിരുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് 2000 കോടി രൂപയുടെ വ്യക്തിഗത വായ്പയും ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. നഷ്ടത്തിലായിരുന്ന കമ്പനിയെ രക്ഷിക്കാന്‍ സ്വന്തം പേരിലെടുത്ത വായ്പയാണ് ഇതെന്നായിരുന്ന ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. മാര്‍ച്ച് വരെ കമ്പനിയുടെ മൊത്തം കടം 6,547.38 കോടി രൂപയായിരുന്നു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കമ്പനിയുടെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.