
ബെംഗലൂരു: രാജ്യത്തെ ബിസിനസ് ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു കഴിഞ്ഞ ഏതാനും ദിവസമായി നാം കേട്ടുകൊണ്ടിരുന്നത്. ഇന്ത്യയുടെ കോഫി ബിസിനസില്‍ വിപ്ലവം സൃഷ്ടിച്ച കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ മരണത്തിന് പിന്നാലെ നടുക്കുന്ന പിന്നാമ്പുറ കഥയാണ് പുറത്ത് വരുന്നത്. കഫേ കോഫി ഡേയ്ക്ക് 7000 കോടിയുടെ കട ബാധ്യതയുണ്ടായിരുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് 2000 കോടി രൂപയുടെ വ്യക്തിഗത വായ്പയും ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്.
നഷ്ടത്തിലായിരുന്നു കമ്പനിയെ രക്ഷിക്കാന്‍ സ്വന്തം പേരിലെടുത്ത വായ്പയാണ് ഇതെന്നായിരുന്ന ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. മാര്‍ച്ച് വരെ കമ്പനിയുടെ മൊത്തം കടം 6,547.38 കോടി രൂപയായിരുന്നു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കമ്പനിയുടെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തിഗത വായ്പകളില്‍ ഭൂരിഭാഗവും സിദ്ധാര്‍ത്ഥയുടെയും കുടുംബത്തിന്റെയും സ്വകാര്യ സ്വത്തായ പ്ലാന്റേഷന്‍ ബിസിനസില്‍ നിക്ഷേപിക്കാനാണ് ഉപയോഗിച്ചിരുന്നതെന്നും സൂചനകള്‍ വ്യക്തമാക്കുന്നു.
കമ്പനിയുടെ കുടിശ്ശികയുള്ള കടം തീര്‍ക്കാനുള്ള പണം ബിസിനസ്സില്‍ നിന്ന് കിട്ടിയിരുന്നില്ല. ഇതോടെ പലിശ വര്‍ദ്ധിച്ച് കടം ഇരട്ടിയായി ഉയര്‍ന്നു. എന്നാല്‍ കൂടുതല്‍ പണം നല്‍കാന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ തയ്യാറാകുന്നതോടെ പുതിയ കടം എടുക്കുന്നതിലും പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാല്‍ സിദ്ധാര്‍ത്ഥയുടെ തിരോധാനത്തിനും മരണത്തിനും വര്‍ദ്ധിച്ചുവരുന്ന കടബാധ്യതയുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
എന്നിരുന്നാലും അദ്ദേഹം ബോര്‍ഡിനും സിസിഡി ജീവനക്കാര്‍ക്കും എഴുതിയ ഒരു കത്തില്‍ കട ബാധ്യത സംബന്ധിച്ച ചില കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കടക്കാരില്‍ നിന്നുള്ള വര്‍ദ്ധിച്ചു വരുന്ന സമ്മര്‍ദ്ദം അദ്ദേഹത്തെ അലട്ടിയിരുന്നതായി കത്തില്‍ പറയുന്നു. തന്നെ ആശ്രയിച്ചിരുന്ന എല്ലാവരെയും ഇറക്കിവിട്ടതില്‍ ഞാന്‍ ഖേദിക്കുന്നുവെന്നും കത്തില്‍ വ്യക്തമാക്കുന്നു. സ്വകാര്യ ഓഹരി പങ്കാളികളില്‍ നിന്ന് കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുണ്ടെന്നും ഓഹരികള്‍ തിരികെ വാങ്ങാന്‍ തന്നെ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ആറുമാസം മുന്‍പ് ഒരു സുഹൃത്തിന്റെ കൈയില്‍ നിന്ന് കടം വാങ്ങിയ വലിയ തുകയുടെ സമ്മര്‍ദ്ദവും തനിക്ക് താങ്ങാനാകില്ലെന്നും കത്തില്‍ പറയുന്നു.
ആദായ നികുതി വകുപ്പിന്റെ ഭാഗത്ത് നിന്ന് വല്ലാത്ത പീഡനമുണ്ടായി എന്നും കത്തില്‍ സിദ്ധാര്‍ത്ഥ ആരോപിക്കുന്നുണ്ട്. ഇന്‍കം ടാക്സ് ഡയറക്ടര്‍ ജനറല്‍ക്കെതിരെയും സിദ്ധാര്‍ത്ഥ ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ സിദ്ധാര്‍ത്ഥയുടേതെന്ന് പറയുന്ന കത്ത് വ്യാജമാണെന്നാണ് അധികൃതരുടെ വാദം. സിദ്ധാര്‍ത്ഥയുടെ ഒപ്പ് വ്യാജമാണെന്നും ടാക്സ് അധികൃതര്‍ പറയുന്നു. 2017ല്‍ ആദായനികുതി വകുപ്പ് 20 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡ് സിദ്ധാര്‍ത്ഥ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായിരുന്നു. ജനുവരിയില്‍, ആദായനികുതി വകുപ്പ് സിദ്ധാര്‍ത്ഥയുടെ കൈവശമുള്ള മൈന്‍ട്രീയുടെ രണ്ട് മില്യണ്‍ ഓഹരികള്‍ താല്‍ക്കാലികമായി അറ്റാച്ചു ചെയ്തിരുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍, ബെംഗളൂരു ആസ്ഥാനമായ എല്‍ആന്‍ഡ്ടി കമ്പനിയ്ക്ക് തന്റെ 20.32 ശതമാനം ഓഹരികള്‍ 3,200 കോടി രൂപയ്ക്ക് വിറ്റിരുന്നു. ഈ തുക കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ബാലന്‍സ് ഷീറ്റിലെ കടം കുറയ്ക്കുന്നതിനാണ് ഉപയോ?ഗിച്ചത്. നേരത്തേ വിവരങ്ങള്‍ പങ്കു വച്ച ആളുകള്‍ പറയുന്നതനുസരിച്ച് സിദ്ധാര്‍ത്ഥ, തന്റെ കമ്പനിയുടെ മോശമായ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിരുന്നെന്നും തന്റെ ബിസിനസ് മക്കള്‍ക്ക് കൈമാറുന്നതിനു മുമ്പ് കടക്കെണിയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചിരുന്നതായുമാണ് വിവരം. 7,000 കോടി രൂപ മൂല്യമുള്ള കഫേ കോഫി ഡേയുടെ ഓഹരികള്‍ പൂര്‍ണ്ണമായോ ഭാ?ഗികമായോ വില്‍ക്കാനും അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയിരുന്നു.
സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തത് വെല്ലുവിളികളെ നേരിട്ട്
മംഗളൂരു സര്‍വകലാശാലയില്‍ നിന്ന് മാനേജ്‌മെന്റില്‍ പി.ജി. നേടിയ ശേഷം, 1983ല്‍ അദ്ദേഹം ജെ.എം. ഫിനാന്‍ഷ്യല്‍ കമ്പനിയില്‍ മാനേജ്‌മെന്റ് ട്രെയിനായി ചേര്‍ന്ന് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു. 1984ല്‍ അദ്ദേഹം ശിവന്‍ സെക്യൂരിറ്റീസ് എന്ന ധനകാര്യ സ്ഥാപനത്തെ വാങ്ങി. 2000ല്‍ കമ്പനിക്ക് വേ2 വെല്‍ത്ത് എന്ന പേര് നല്‍കി. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് ആന്‍ഡ് ബ്രോക്കിംഗ് കമ്പനിയായി അതിനെ വളര്‍ത്തി.1992.കോഫീ ഡേ ഗ്ളോബല്‍ കമ്പനിക്ക് 1992ല്‍ സിദ്ധാര്‍ത്ഥ തുടക്കമിട്ടു. കാപ്പി സംഭരണം, സംസ്‌കരണം, റീട്ടെയില്‍ വില്പന എന്നിവയായിരുന്നു പ്രവര്‍ത്തനം.
1996ല്‍ കഫേ കോഫീ ഡേ ആദ്യശാഖ തുറന്നു. നിലവില്‍, ശാഖകള്‍ 1,752. ഓഹരി ലോകത്തേക്ക്2015 ഒക്ടോബറില്‍ കഫേ കോഫീ ഡേ എന്റര്‍പ്രൈസസ് പ്രാരംഭ ഓഹരി വില്പനയിലൂടെ (ഐ.പി.ഒ) ഓഹരി വിപണിയിലെത്തി. 1,150 കോടി രൂപയാണ് സമാഹരിച്ചത്. മൂന്നുവര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരുന്നു അത്. ഓഹരി വില നിര്‍ണയിച്ചത് 328 രൂപയായിരുന്നു.2006.കോഫീ ഡേ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട് ബിസിനസിനും തുടക്കമിട്ടു. 'ദി സേറായ്' ബ്രാന്‍ഡില്‍ ബംഗളൂരുവില്‍ റിസോര്‍ട്ട് തുറന്നു.
കാപ്പിയായിരുന്നു പ്രവര്‍ത്തന മണ്ഡലമെങ്കിലും ഐ.ടിയോട് മങ്ങാത്ത ആഭിമുഖ്യം സിദ്ധാര്‍ത്ഥയ്ക്കുണ്ടായിരുന്നു. 1999ല്‍ പ്രമുഖ ഐ.ടി വിദഗ്ദ്ധനായ ആശോക് സൂട്ടയ്ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം അദ്ദേഹം മൈന്‍ഡ് ട്രീ ഐ.ടി കമ്പനിക്ക് തുടക്കമിട്ടു. ഈ കമ്പനിയാണ്, പിന്നീട് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. റെയ്ഡും ഹവാലയും മൈന്‍ഡ് ട്രീയില്‍ ഉണ്ടായിരുന്ന 20.43 ശതമാനം ഓഹരികള്‍ അടുത്തിടെ സിദ്ധാര്‍ത്ഥ എല്‍ ആന്‍ഡ് ടിക്ക് 3,300 കോടി രൂപയ്ക്ക് വിറ്റു. ഈ വില്പന പക്ഷേ, അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ പോലും അറിഞ്ഞിരുന്നില്ല.
ഇടപാട് പ്രകാരം, മിനിമം ഓള്‍ട്ടര്‍നേറ്റ് നികുതിയായി (മാറ്റ്) 300 കോടി നികുതി അടയ്‌ക്കേണ്ടതായിരുന്നു. അദ്ദേഹം 46 കോടി രൂപ മാത്രമാണ് അടച്ചത്. ക്രമക്കേട് ആരോപിച്ച് കഫേ കോഫീ ഡേയുടെ 20 കേന്ദ്രങ്ങള്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. കണക്കില്‍പ്പെടാത്ത പണങ്ങള്‍ കണ്ടെത്തി. കര്‍ണാടക രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളിലും അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു.
ഓഹരി വീഴ്ച സിദ്ധാര്‍ത്ഥയുടെ തിരോധാനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം കഫേ കോഫീ ഡേയുടെ ഓഹരിമൂല്യം 20 ശതമാനം ഇടിഞ്ഞ് 154.05 കോടി രൂപയിലെത്തി. 2019ല്‍ ഇതുവരെ 30 ശതമാനവും 2018ല്‍ 26 ശതമാനവും നഷ്ടം ഓഹരി വിലയിലുണ്ടായി. ഉപസ്ഥാപനമായ സിക്കല്‍ ലോജിസ്റ്റിക്‌സിന്റെ ഓഹരികളും ഇന്നലെ 20 ശതമാനം ഇടിഞ്ഞു; മൂല്യം 72.8 രൂപയായി. 800 കോടി ഇന്നലെ മാത്രം കഫേ കോഫീ ഡേയുടെ ഓഹരി മൂല്യത്തില്‍ 800 കോടി രൂപ കുറഞ്ഞു.
2,250 കോടികഫേ കോഫീ ഡേ 2017-18ല്‍ 1,777 കോടി രൂപയും 2018-19ല്‍ 1,814 കോടി രൂപയും വിറ്റുവരവ് നേടിയിരുന്നു. നടപ്പുവര്‍ഷം ഇത് 2,250 കോടി രൂപയാകുമെന്ന് സിദ്ധാര്‍ത്ഥ പറഞ്ഞിരുന്നു.10,000 കോടിബിസിനസ് വിപുലീകരിക്കാനായി കഫേ കോഫീ ഡേയുടെ നിശ്ചിത ഓഹരികള്‍ നല്‍കി കൊക്ക-കോള, ഐ.ടി.സി എന്നിവയുമായി സഹകരിക്കാന്‍ സിദ്ധാര്‍ത്ഥ ശ്രമിച്ചിരുന്നു. കമ്പനിക്ക് 10,000 കോടി രൂപ മൂല്യം നിശ്ചയിച്ചായിരുന്നു ചര്‍ച്ചകള്‍. പക്ഷേ,, ചര്‍ച്ചകള്‍ പൂര്‍ത്തിയാകും മുമ്പേ അദ്ദേഹം മറഞ്ഞു.