
പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുത്ത് രാജ്യത്തെ ആദ്യ ക്രിപ്റ്റോ കറന്‍സി യൂണികോണ്‍ കോയിന്‍ ഡിസിഎക്‌സ്. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഐപിഒയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്ന് ഡിസിഎക്‌സ് സഹ-സ്ഥാപകന്‍ നീരജ് ഖണ്ഡേല്‍വാള്‍ അറിയിച്ചു. ഡിസിഎക്‌സിന്റെ ലിസ്റ്റിംഗ് ഇന്ത്യയിലെ ഡിജിറ്റല്‍ അസറ്റ് ഇന്‍ഡസ്ട്രിക്ക് കരുത്ത് പകരുമെന്നും നീരജ് ബ്ലൂംബെര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാജ്യത്ത് ക്രിപ്റ്റോ കറന്‍സികളെ നിയന്ത്രിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡിസിഎക്‌സ് ഐപിഒയ്ക്ക് ഒരുങ്ങുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇത് രാജ്യത്തെ ക്രിപ്റ്റോ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തിയേക്കും. ഈ വര്‍ഷം ജൂണില്‍ പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ കോയിന്‍ബേസ് ഗ്ലോബല്‍ നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്തിരുന്നു. കോയിന്‍ബേസിന്റെ ഇന്ത്യന്‍ പതിപ്പാവുകയാണ് കോയിന്‍ഡിസിഎക്സ്.
2021 ഓഗസ്റ്റിലാണ് മുംബൈ ആസ്ഥാനമായ ക്രിപ്റ്റോ എക്സ്ചേഞ്ച് ഡിസിഎക്‌സ് യൂണികോണായത്. സീരീസ് സി ഫണ്ടിംഗില്‍ 90 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെ കമ്പനിയുടെ മൂല്യം 1.1 ബില്യണ്‍ ഡോളറിലെത്തി. നാല് മില്യണില്‍ അധികം ഉപഭോക്താക്കളാണ് മുംബൈ ആസ്ഥാനമായ ഡിസിഎക്‌സിന് ഉള്ളത്. 50മില്യണ്‍ ഇന്ത്യക്കാരെ ക്രിപ്റ്റോയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ഐഐടി ബോംബെയിലെ സഹപാഠികളായിരുന്ന നീരജ് ഖണ്ഡേല്‍വാളും സുമിത് ഗുപ്തയും ചേര്‍ന്ന് 2018ല്‍ ആണ് ഡിസിഎക്‌സ് ആരംഭിച്ചത്. ക്രിപ്റ്റോ കറന്‍സി വാങ്ങാനും വില്‍ക്കാനുമുള്ള ഇടമായി ആരംഭിച്ച കമ്പനി ഡെറിവേറ്റീവ്സ്, ലെന്‍ഡിംഗ്, ബോറോവിംഗ്, മാര്‍ജിന്‍ ട്രേഡിംഗ് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നുണ്ട്.