
കൊവിഡ് ഭീതിയും തുടര്‍ന്നുള്ള ലോക്ക്ഡൗണും ഇന്ത്യയുടെ സമ്പദ്ഘടന താറുമാറാക്കി. കൊവിഡിന് എതിരായ പോരാട്ടം രാജ്യം തുടരുകയാണ്. ദുരിതത്തിലായ ജനവിഭാഗങ്ങളെ സഹായിക്കാനും വൈറസ് വ്യാപനം തടയാനുമായി വലിയ ചെലവ് കേന്ദ്രത്തിന് സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നടപ്പുവര്‍ഷം ധനക്കമ്മി ഉയരുമെന്നാണ് സൂചന. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 13 ശതമാനം വരെ ധനക്കമ്മി എത്തുമെന്ന് വിലയിരുത്തപ്പെടുന്നു.
അതായത്, ധനക്കമ്മി കഴിഞ്ഞവര്‍ഷത്തേക്കാളും ഇരട്ടിയാകും. ഒപ്പം സര്‍ക്കാരിന്റെ കടവും കുതിച്ചുയരും. 2020-21 വര്‍ഷത്തെ കടബാധ്യതകള്‍ ജിഡിപിയുടെ 80 ശതമാനം വരെയെത്താന്‍ (75.6 ലക്ഷം കോടി രൂപ) സാധ്യതയേറെയാണ്. 2019 -ലെ കണക്കുപ്രകാരം ജിഡിപിയുടെ 70 ശതമാനമാണ് സര്‍ക്കാരിന്റെ കടം. ബാധ്യതകള്‍ 75.6 ലക്ഷം കോടി രൂപ തൊട്ടാല്‍ കടത്തില്‍ മുങ്ങിയ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാകും ഇന്ത്യ. ചൈനയാണ് ഇക്കാര്യത്തില്‍ ആദ്യം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം ധനക്കമ്മി 7 ശതമാനത്തോളമായിരുന്നു. മുന്‍വര്‍ഷങ്ങളിലെ ശരാശരി ധനക്കമ്മിയാകട്ടെ 6.6 ശതമാനവും. 2016 മുതല്‍ 2019 വരെ നാലു ശതമാനത്തിന് താഴെ ധനക്കമ്മി നിലനിര്‍ത്താന്‍ കേന്ദ്രത്തിന് സാധിച്ചിരുന്നു. എന്നാല്‍ 2020 സാമ്പത്തികവര്‍ഷം കേന്ദ്രത്തിന്റെ വരുമാനം കുറഞ്ഞു. ചിലവുകള്‍ അധികമായി.
ഈ സാഹചര്യത്തില്‍ 4.6 ശതമാനത്തിലേക്കാണ് ധനക്കമ്മി ഉയര്‍ന്നത്. നടപ്പുവര്‍ഷം ധനക്കമ്മി ഇനിയും കൂടും. ഇതേസമയം, സര്‍ക്കാരിന്റെ പൊതു കടം വര്‍ധിച്ചിട്ടില്ലെന്ന കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. എന്നാല്‍ കൊവിഡ് ഭീതി മൂലം വളര്‍ച്ചാനിരക്ക് കുറഞ്ഞതും സാമ്പത്തികനില വീണ്ടെടുക്കാന്‍ കൂടുതല്‍ പണം ചിലവാക്കേണ്ടി വരുന്നതും ബാധ്യതകളുടെ കണക്ക് ഉയര്‍ത്തും.
നടപ്പുവര്‍ഷം ജൂലായിലെ കണക്കുപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം ബാധ്യത 75.6 ലക്ഷം കോടി രൂപയാണ്. ഇതിന് പുറമെ സംസ്ഥാനങ്ങളുടെ വായ്പാ കടങ്ങള്‍ (സംസ്ഥാന വികസന വായ്പകള്‍) എത്തിനില്‍ക്കുന്നത് 34 ലക്ഷം കോടി രൂപയിലും. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കേന്ദ്രത്തില്‍ നിന്നും വായ്പയെടുത്തവരില്‍ മുന്നില്‍. പട്ടികയിലെ ആദ്യ പത്തു സംസ്ഥാനങ്ങള്‍ത്തന്നെ മൊത്തം വായ്പയുടെ 75 ശതമാനവും പങ്കിടുന്നു.
2020 ജൂണില്‍ ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം സര്‍ക്കാര്‍ ഈടുവെച്ച സെക്യൂരിറ്റികളുടെ 40 ശതമാനം സ്വകാര്യ ബാങ്കുകളുടെ കൈക്കലാണ്. 25 ശതമാനം ഇന്‍ഷുറന്‍സ് കമ്പനികളും 15 ശതമാനം റിസര്‍വ് ബാങ്കും നിയന്ത്രിക്കുന്നു. 2.4 ശതമാനം സെക്യൂരിറ്റികള്‍ വിദേശ നിക്ഷേപകരുടെ കൈവശവുമുണ്ട്. 2019 ഡിസംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥിതി ഗുരുതരമാണ്. സംസ്ഥാന വികസന വായ്പകളുടെ കാര്യമെടുത്താല്‍ 80 ശതമാനവും വാണിജ്യ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും പ്രൊവിഡന്റ് ഫണ്ടുകളുമാണ് നിയന്ത്രിക്കുന്നത്.