
19 കിലോഗ്രാം വാണിജ്യ പാചകവാതക (എല്‍പിജി) സിലിണ്ടറിന്റെ വില ദേശീയ തലസ്ഥാനത്ത് ഒരു സിലിണ്ടറിന് 54.50 രൂപ ഉയര്‍ത്തി. വില പരിഷ്‌കരണത്തിന് ശേഷം വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1,296 രൂപയാണ്. വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ നവംബറിലെ വില 1,241.50 രൂപയായിരുന്നു. വില പരിഷ്‌കരണം രാജ്യത്തുടനീളം നടപ്പാക്കിയിട്ടുണ്ട്.
കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ 1,351.50 രൂപ വില വരും. മുംബൈയിലും ചെന്നൈയിലും വാണിജ്യ സിലിണ്ടറിന് യഥാക്രമം 1,244 രൂപയും 1,410.50 രൂപയുമാണ് വിലയെന്ന് ഇന്ത്യന്‍ ഓയില്‍ വെബ്സൈറ്റ് വ്യക്തമാക്കുന്നു. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ കാര്യത്തില്‍ ഈ മാസം വില വര്‍ദ്ധനവില്ല. എണ്ണക്കമ്പനികള്‍ ഡിസംബറില്‍ ഗാര്‍ഹിക പാചക വാതക വിലയ്ക്ക് ആശ്വാസം നല്‍കിയിരിക്കുകയാണ്.
ഇതിന് മുന്‍പ് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും എച്ച്പിസിഎല്‍, ബിപിസിഎല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വില അവസാനമായി 2020 ജൂലൈയിലാണ് വര്‍ധിച്ചത്. അന്ന് സിലിണ്ടറിന് 4 രൂപയുടെ വര്‍ധനവാണുണ്ടായത്. അതേസമയം, സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന് ജൂണ്‍ മാസത്തില്‍ ഡല്‍ഹിയില്‍ 11.50 രൂപ കൂട്ടിയിരുന്നു. പാചക വാതകത്തിന്റെ വില പരിശോധിക്കുന്നതിന് നിങ്ങള്‍ക്ക് സര്‍ക്കാര്‍ എണ്ണ കമ്പനികളുടെ വെബ്സൈറ്റ് ഉപയോഗിക്കാം. ഇവിടെ കമ്പനികള്‍ എല്ലാ മാസത്തെയും പുതിയ നിരക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.