
തിരുവനന്തപുരം: കോവിഡ് 19 വ്യാപനവും കഴിഞ്ഞ 3 വർഷങ്ങളിലായി കേരളം നേരിട്ട പ്രളയവും നിപ്പ ബാധയും കണക്കിലെടുത്ത് വ്യവസായ സംരംഭങ്ങളെ സംരക്ഷിക്കാൻ സർക്കാരിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ഡിസാസ്റ്റർ ഫിനാൻസ് കോർപറേഷൻ രൂപീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. സിഐഐയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുമായി വിവിധ വ്യവസായ മേഖലകളിലെ പ്രതിനിധികൾ നടത്തിയ വിഡിയോ കോൺഫറൻസിലാണ് ആവശ്യമുയർന്നത്.
വിദേശ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ ഈ മാതൃക സംസ്ഥാനത്തു നടപ്പാക്കുന്നതിലൂടെ ഒട്ടേറെ സംരംഭങ്ങളെ തകരാതെ നിലനിർത്താൻ കഴിയുമെന്നു സിഐഐ കേരള ചെയർമാനും മുത്തൂറ്റ് ഫിൻകോപ് ലിമിറ്റഡ് സിഎംഡിയുമായ തോമസ് ജോൺ മുത്തൂറ്റ് യോഗത്തിൽ നിർദേശിച്ചു.
ലോക ബാങ്കിന്റെയും ഏഷ്യൻ വികസന ബാങ്കിന്റെയും പിന്തുണയോടെയാകണം കോർപറേഷന്റെ പ്രവർത്തനം. ലോകബാങ്കിൽ നിന്നോ പെൻഷൻ ഫണ്ടുകളിൽ നിന്നോ 20 – 25 വർഷം വരെയുള്ള ദീർഘകാല വായ്പകൾ വാങ്ങി ഏറ്റവും കൂടുതൽ ദുരിതം നേരിടുന്ന മേഖലയിൽ വിതരണം ചെയ്യാൻ കോർപറേഷനാകും. ബിസിനസിൽ തിരിച്ചടി നേരിടുന്ന കാലയളവിൽ തൊഴിലാളികളെ ശമ്പളവും മറ്റും നൽകി നിലനിർത്തുന്നതിനുള്ള സാമ്പത്തിക സഹായം നൽകാനും ഇതുവഴി സാധിക്കും. 3 വർഷം കൊണ്ടു തിരിച്ചടയ്ക്കാവുന്ന ഹ്രസ്വകാല വായ്പകൾ ഇതിനായി നൽകാം. ചില്ലറ വിൽപന, ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭങ്ങൾ, ടൂറിസം മേഖല എന്നിലയെയാണ് കോവിഡ് വ്യാപനം ഏറെ ബാധിച്ചതെന്നും യോഗം വിലയിരുത്തി.
ഇടത്തരം സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ വഴി വെന്റിലേറ്റർ, പിപിഇ കിറ്റ്, എൻ 95 മാസ്ക് തുടങ്ങിയവ നിർമിക്കാൻ കർമസേന രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. കയർ, നാളികേര വ്യവസായ മേഖലകളെ സംരംഭകർ പിന്തുണയ്ക്കണം. പരിസ്ഥിതിക്കു ദോഷകരമല്ലാത്ത സംരംഭങ്ങൾക്ക് 14 ദിവസത്തിനുള്ളിൽ അനുമതി നൽകും. തൊഴിൽ കരാറും ലൈസൻസും പുതുക്കുന്നതിനും റവന്യു റിക്കവറി നിർത്തിവയ്ക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.
മന്ത്രി ഇ.പി. ജയരാജൻ, വ്യവസായ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, വിവിധ വ്യവസായ മേഖലകളെ പ്രതിനിധീകരിച്ച് വി.കെ. മാത്യൂസ്, പി. ഗണേഷ്, ശാലിനി വാരിയർ, പോൾ തോമസ്, ജീമോൻ കോര, കെ.ഇ. ഷാനവാസ്, ജോസ് ഡൊമിനിക്, ഡോ. എം.ഐ. സഹദുല്ല, ഡോ. എസ്. സജികുമാർ, ഡോ. നജീബ് സക്കറിയ, ഇ.എം. നജീബ്, രവി ഡിസി, വി.കെ.സി. നൗഷാദ് തുടങ്ങിയവരും പങ്കെടുത്തു.
മുഖ്യ നിർദേശങ്ങളും ആവശ്യങ്ങളും
-വ്യവസായ സ്ഥാപനങ്ങൾക്ക് വൈദ്യുതി ബിൽ അടയ്ക്കാൻ 3 മാസത്തെ സാവകാശം വേണം.
-ഫീസ് ഇൗടാക്കാതെ ലൈസൻസ് പുതുക്കുക
-ജിഎസ്ടി അടയ്ക്കാൻ ഒരു വർഷത്തെ സാവകാശം കേന്ദ്രത്തോട് ആവശ്യപ്പെടണം.
-സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും വസ്തു നികുതിയും ഇളവു ചെയ്യുക
-ഉടൻ പുതുക്കേണ്ട തൊഴിൽ കരാറുകൾ ഒരു വർഷത്തേക്കു കൂടി നീട്ടുക
-വരുമാനം പൂജ്യത്തിലേക്കു നിലംപൊത്തിയ ടൂറിസം മേഖലയിലെ ജീവനക്കാർക്ക് ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ വേതനമില്ലാത്ത അവധി നൽകാൻ നിയമപരമായി അനുവദിക്കുക.
-ജിഎസ്ടി ഇൻപുട് ക്രെഡിറ്റ് റീഫണ്ട് ഉടൻ അനുവദിക്കുക
-നികുതിയുമായി ബന്ധപ്പെട്ട എല്ലാ റവന്യു റിക്കവറി നടപടികളും സെപ്റ്റംബർ 30 വരെ നിർത്തിവയ്ക്കുക.
-കിട്ടാക്കടമായി തരംതിരിച്ച വായ്പകൾക്കും മൊറട്ടോറിയം അനുവദിക്കുക
-തരിശുകിടക്കുന്ന പാടത്ത് മരച്ചീനി, മധുരക്കിഴങ്ങ്, കൂവ എന്നിവ കൃഷി ചെയ്യാൻ അനുവദിക്കുക
-ടൂറിസം മേഖലയിലെ വാഹനങ്ങൾക്ക് ഒരു വർഷത്തേക്ക് റോഡ് നികുതി ഒഴിവാക്കുകയോ നിരക്ക് കുറയ്ക്കുകയോ ചെയ്യുക
-എൻഎബിഎച്ച് അക്രെഡിറ്റേഷനുള്ള ലാബുകളിലെല്ലാം കോവിഡ് 16 ടെസ്റ്റ് അനുവദിക്കുക
-സാനിറ്റൈസർ നിർമാണത്തിനുള്ള ആൽക്കഹോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കുക
-സാനിറ്റൈസറിന്റെ ജിഎസ്ടി 18 ശതമാനത്തിൽ നിന്നു 12 ശതമാനമാക്കുക
-വിവിധ നിർമാണ പദ്ധതികളുടെ പെർമിറ്റ് ഒരു വർഷത്തേക്കു കൂടി നീട്ടുക
-എല്ലാ കടകളും ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കുക.
-ടൂറിസം മേഖലയ്ക്ക് ഒരു വർഷത്തേക്കുള്ള വായ്പ കേരള ബാങ്കിൽ നിന്ന് അനുവദിക്കുക
-ഉപയോഗിക്കുന്ന വൈദ്യുതിക്കു മാത്രം ആശുപത്രികളിൽ നിന്നു പണം ഇൗടാക്കുക. ഫിക്സ‍് ചാർജ് ഒഴിവാക്കുക.