കൊവിഡിനെ മറികടന്ന് ഇന്ത്യ 5 ട്രില്യണ്‍ സാമ്പത്തിക ശേഷിയിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി; രാജ്യത്തിന് ഇനി ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുകള്‍

October 30, 2020 |
|
News

                  കൊവിഡിനെ മറികടന്ന് ഇന്ത്യ 5 ട്രില്യണ്‍ സാമ്പത്തിക ശേഷിയിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി; രാജ്യത്തിന് ഇനി ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുകള്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം സൃഷ്ടിച്ച ആഘാതങ്ങള്‍ മറികടന്ന് 2024 ല്‍ ഇന്ത്യ അഞ്ച് ട്രില്യണ്‍ സാമ്പത്തിക ശേഷിയിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ സംസ്ഥാനങ്ങളും പ്രത്യേക പങ്കു വഹിക്കേണ്ടതുണ്ട്. സാമ്പത്തിക ശക്തിയായി മാറാന്‍ സംസ്ഥാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അഞ്ച് ട്രില്യണ്‍ സാമ്പത്തിക ശേഷിയെന്ന ലക്ഷ്യത്തിലെത്തുമെന്നത് ഉറച്ച പ്രതീക്ഷയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി. രാജ്യത്തെ സാമ്പത്തിക മേഖലക്ക് ഇരട്ടി പ്രഹരമായിരുന്നു കൊവിഡ് മഹാമാരി. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ ഇടിവ് സംഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് രാജ്യം സാമ്പത്തിക രംഗത്ത് മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.

സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കും. ഇപ്പോഴത്തെ സാഹചര്യമാകില്ല അടുത്ത വര്‍ഷങ്ങളില്‍. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നത് തുടരും. 2024ല്‍ അഞ്ച് ട്രില്ല്യണ്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. ആത്മവിശ്വാസമില്ലാത്തവരുടെ വാക്കുകള്‍ക്ക് ശ്രദ്ധ കൊടുക്കുന്നില്ലെന്നും തീരുമാനങ്ങള്‍ നടപ്പാക്കിയ ചരിത്രമാണ് തന്റെ സര്‍ക്കാറിന് ഉള്ളതെന്നും മോദി പറഞ്ഞു.

കോവിഡ് -19 പകര്‍ച്ചവ്യാധികള്‍ക്കിടയിലും എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത ഉത്പാദനം നടത്തിയ കര്‍ഷകരില്‍ രാജ്യത്തിന് അഭിമാനമുണ്ടെന്നും മോദി പറഞ്ഞു. കര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ എംഎസ്പി വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍, റെക്കോര്‍ഡ് സംഭരണവും നടത്തിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങള്‍ - റെക്കോര്‍ഡ് ഉല്‍പാദനവും റെക്കോര്‍ഡ് വാങ്ങലും - ഗ്രാമീണ സമ്പദ്വ്യവസ്ഥയില്‍ ഗണ്യമായ വരുമാനം ഉണ്ടാക്കാന്‍ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യ സൗഹൃദ രാജ്യമായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഇത് നേരിട്ടുള്ള വിദേശ നിക്ഷേപ സംഖ്യകളില്‍ പ്രകടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഈ വര്‍ഷം, പകര്‍ച്ചവ്യാധി ഉണ്ടായിരുന്നിട്ടും, ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ നമുക്ക് ഏറ്റവും ഉയര്‍ന്ന എഫ്ഡിഐ (35.73 ബില്യണ്‍ ഡോളര്‍) ലഭിച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണ്, ഇത് റെക്കോര്‍ഡാണെന്നും,' അദ്ദേഹം പറഞ്ഞു.

ഓട്ടോ, ട്രാക്ടര്‍ വില്‍പ്പനയും കഴിഞ്ഞ വര്‍ഷത്തെ നിലവാരത്തില്‍ എത്തുകയോ മറികടക്കുകയോ ചെയ്തു. സമ്പദ്വ്യവസ്ഥയില്‍ വലിയ ഡിമാന്‍ഡുണ്ടെന്ന് ഇത് കാണിക്കുന്നു. ഉല്‍പ്പാദനത്തില്‍ ഇന്ത്യ സ്ഥിരമായ വീണ്ടെടുക്കല്‍ നടത്തിയെന്നും ചൈനയ്ക്കും ബ്രസീലിനും പിന്നില്‍ വളര്‍ന്നുവരുന്ന പ്രധാന വിപണികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റിലെ ഏറ്റവും പുതിയ ഇപിഎഫ്ഒ നമ്പറുകള്‍ തൊഴില്‍ വിപണിയിലെത്തുന്നുവെന്നതിന്റെ സൂചനയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ വരിക്കാരെ പ്രതിമാസം ചേര്‍ക്കുന്നതില്‍ 34 ശതമാനം വര്‍ധനവാണ് ഓഗസ്റ്റിലെ ഇപിഎഫ്ഒ ഡാറ്റ കാണിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ 19 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഈ സാമ്പത്തിക വര്‍ഷം വരുത്തിയത്. കൊവിഡ് പ്രതിരോധ വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved