
ന്യൂഡല്‍ഹി: ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നത് ഉപഭോക്തൃ ആത്മവിശ്വാസം കുറയാന്‍ ഇടയാക്കിയെന്ന് സര്‍വെ റിപ്പോര്‍ട്ട്. പ്രതിമാസ റിഫിനിറ്റിവ്-ഇപ്‌സോസ് പ്രൈമറി കണ്‍സ്യൂമര്‍ സെന്റിമെന്റ് ഇന്‍ഡെക്‌സ് (പിസിഎസ്‌ഐ) പ്രകാരം മാര്‍ച്ചില്‍ ഇന്ത്യയിലെ ഉപഭോക്തൃ ആത്മവിശ്വാസം മുന്‍മാസത്തെ അപേക്ഷിച്ച് 0.8 ശതമാനം കുറഞ്ഞു. പ്രതിമാസ പിസിഎസ്‌ഐ, നാല് ഉപസൂചികകള്‍ കൂട്ടിച്ചേര്‍ത്താണ് തയാറാക്കുന്നത്. സമ്മിശ്രങ്ങളായ ഫലങ്ങളാണ് മാര്‍ച്ചില്‍ ലഭിച്ചിട്ടുള്ളത്.
തൊഴില്‍ ശുഭാപ്തി വിശ്വാസം സംബന്ധിച്ച ഉപ സൂചിക 1.2 ശതമാനം പോയിന്റ് ഉയര്‍ന്നു. നിലവിലെ വ്യക്തിഗത സാമ്പത്തിക സാഹചര്യങ്ങള്‍ എന്ന ഉപ സൂചിക 2.5 ശതമാനം പോയിന്റ് ഇടിയുകയാണ് ഉണ്ടായത്. കൂടാതെ, നിക്ഷേപ കാലാവസ്ഥാ ഉപസൂചികയും 3.0 ശതമാനം ഇടിവ് പ്രകടമാക്കി. സാമ്പത്തിക പ്രതീക്ഷകള്‍ എന്ന ഉപസൂചിക ഫെബ്രുവരിയില്‍ നിന്ന് മാറ്റമില്ലാതെ തുടരുന്നു.
ലോക്ക്ഡൗണിനു ശേഷം വിവിധ മേഖലകള്‍ പൂര്‍വാവസ്ഥയിലേക്ക് തിരിച്ചെത്തുന്നത് സാമ്പത്തിക പ്രവര്‍ത്തനത്തിനും മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്കും ഉത്തേജനം നല്‍കുന്നതിന് സഹായിച്ചിട്ടുണ്ടെന്ന് സൂചിക വ്യക്തമാക്കുന്നു. ആവശ്യകത സാവധാനത്തില്‍ മാത്രം വര്‍ദ്ധിക്കുന്നതിനാല്‍ നിക്ഷേപം ഇപ്പോഴും മന്ദഗതിയിലാണ്. കൊറോണ ഇപ്പോഴും വിപത്തായി തുടരുന്നതിനാല്‍ നിക്ഷേപകര്‍ പണം പ്രോജക്റ്റുകളില്‍ ഇടുന്നതില്‍ ആശങ്ക പുലര്‍ത്തുകയാണ്.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്നതും തൊഴില്‍ നഷ്ടവും ഇപ്പോഴും ചില മേഖലകളില്‍ തുടരുകയാണ്. ഇത് വിപണിയിലെ ആത്മവിശ്വാസത്തിന്റെ തോത് വര്‍ധിക്കുന്നത് തടയുന്നു. മാത്രമല്ല, ഉയര്‍ന്ന പണപ്പെരുപ്പം ഉപഭോക്താക്കളുടെ ചെലവിടല്‍ ശേഷി കുറച്ചിട്ടുണ്ട്. ''സമ്പദ്വ്യവസ്ഥ വീണ്ടെടുക്കല്‍ പാതയിലാണ്, തൊഴില്‍ വിപണി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ചലിക്കാന്‍ തുടങ്ങി. പക്ഷേ, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം ദൈനംദിന ചെലവുകളിലും സമ്പാദ്യത്തിലും വെല്ലുവിളിയുയര്‍ത്തുന്നു. ഉയര്‍ന്ന ജീവിതച്ചെലവും ഉയര്‍ന്ന ഇന്ധനവിലയും പ്രയാസം സൃഷ്ടിക്കുന്നതിനൊപ്പം പകര്‍ച്ചവ്യാധി ഇപ്പോഴും നിലനില്‍ക്കുന്നതും പ്രതിസന്ധിയാണ്. ഉപയോക്താക്കള്‍ അവരുടെ ചെലവുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും, ' ഇന്ത്യയിലെ ഇപ്‌സോസ് സിഇഒ അമിത് അദാര്‍ക്കര്‍ പറഞ്ഞു.