ലോക്ക്ഡൗൺ കഴിഞ്ഞാൽ ചെലവ് ചുരുക്കി ജീവിക്കും; ജനം പണം ചെലവഴിക്കുക അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം; നീല്‍സണ്‍ ഇന്ത്യ നടത്തിയ സര്‍വേ ഫലം ഇങ്ങനെ

April 18, 2020 |
|
News

                  ലോക്ക്ഡൗൺ കഴിഞ്ഞാൽ ചെലവ് ചുരുക്കി ജീവിക്കും; ജനം പണം ചെലവഴിക്കുക അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം; നീല്‍സണ്‍ ഇന്ത്യ നടത്തിയ സര്‍വേ ഫലം ഇങ്ങനെ

ലോക്ഡൗണ്‍ കഴിഞ്ഞ് വിപണി തുറന്നാലും അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പണം ചെലവഴിക്കില്ലെന്ന നിലപാടിലാണ് ഉപഭോക്താക്കള്‍. അടുത്ത ഏതാനും മാസങ്ങളിലേക്ക് റെസ്‌റ്റോറന്റിലും സിനിമ കാണുന്നതിനും പണം ചെലവഴിക്കുന്നത് കുറയ്ക്കുമെന്ന് 64 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഷോപ്പിംഗ് മാള്‍, റെസ്റ്റോറന്റ്, സലൂണ്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര കുറച്ച് തങ്ങള്‍ക്ക് അത്യാവശ്യമുള്ള കാര്യങ്ങള്‍ക്കായി പണം സൂക്ഷിച്ചുവെക്കണം എന്ന മനോഭാവത്തിലേക്ക് എത്തിയിരിക്കുകയാണ് ഉപഭോക്താക്കളെന്ന് നീല്‍സണ്‍ ഇന്ത്യ നടത്തിയ സര്‍വേയില്‍ പറയുന്നു.

ഏപ്രില്‍ 10-14 തീയതികളില്‍ 23 ഇന്ത്യന്‍ നഗരങ്ങളിലെ 1330 ആളുകളിലാണ് നീല്‍സണ്‍ ഇന്ത്യ ഓണ്‍ലൈന്‍ സര്‍വേ നടത്തിയത്. സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍:

$ ഫാഷന്‍, പെഴ്‌സണല്‍ ഗ്രൂമിംഗ്, ഹോം ഡെക്കര്‍ തുടങ്ങിയവയ്ക്ക് വേണ്ടി കുറച്ചുകാലത്തേക്ക് പണം ചെലവഴിക്കില്ലെന്ന് 43 ശതമാനം പേര്‍ പറഞ്ഞു.
$ ഓട്ടോമൊബീല്‍ മേഖലയില്‍ പണം ചെലവഴിക്കുന്നത് കുറയ്ക്കുമെന്ന് 54 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
$ ആഡംബര ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയും വിനോദയാത്രകള്‍ക്ക് വേണ്ടിയും പണം ചെലവഴിക്കുന്നത് കുറയ്ക്കുമെന്ന് 54 ശതമാനം പേര്‍.
$ അടുത്ത ഏതാനും മാസങ്ങളിലേക്ക് റെസ്‌റ്റോറന്റിലും സിനിമ കാണുന്നതിനും പണം ചെലവഴിക്കുന്നത് കുറയ്ക്കുമെന്ന് 64 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
$ ആരോഗ്യകരമായ, ഓര്‍ഗാനിക് ഭക്ഷണം, മെഡിക്കല്‍ ആവശ്യങ്ങള്‍, ഫിറ്റ്‌നസ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവയ്ക്കായി ചെലവഴിക്കുന്നതിന്റെ വിഹിതം കൂട്ടുമെന്ന് 56 ശതമാനം പേര്‍ പറഞ്ഞു.

എഫ്എംസിജി കമ്പനികള്‍ക്ക് നഷ്ടം

ഉപഭോക്താക്കളുടെ ഈ മാറിയ നിലപാട് കോടികളുടെ നഷ്ടമുണ്ടാക്കിയിരിക്കുകയാണ് എഫ്എംസിജി കമ്പനികള്‍ക്ക്. ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് അവസാനവാരത്തില്‍ റെക്കോര്‍ഡ് ഇടിവാണ് എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലുണ്ടായതെന്ന് സര്‍വേയില്‍ പറയുന്നു. ഈ കാലയളവില്‍ വളര്‍ച്ചയുണ്ടായിരിക്കുന്ന ഒരേയൊരു ട്രേഡ് മേഖല സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും അടങ്ങുന്ന മോഡേണ്‍ ട്രേഡ് വിഭാഗമാണ്. ആറ് ശതമാനം വളര്‍ച്ചയാണ് ഈ മേഖലയ്ക്കുണ്ടായത്.

അരി, ഗോതമ്പ്, സോപ്പ് തുടങ്ങിയ അവശ്യസാധനങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്തിരിക്കുമ്പോള്‍ തന്നെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാകുന്ന ഉല്‍പ്പന്നങ്ങളെ അവര്‍ തഴഞ്ഞു. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നേരത്തെ അവയുടെ സ്ഥിരം ഉപഭോക്താക്കളായിരുന്നവര്‍പ്പോലും വീട്ടില്‍ തന്നെ പാചകം ചെയ്ത് കഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതുവഴി ആരോഗ്യകരമായ ഭക്ഷണം കഴിക്കാനാകുമെന്ന് മാത്രമല്ല, ചെലവും കുറയുമെന്നതാണ് കാരണം. കോറോണവൈറസിന്റെ പശ്ചാത്തലത്തില്‍ ശുചിത്വത്തിന് ഉപഭോക്താക്കള്‍ ഏറെ പ്രാധാന്യം കൊടുത്തുതുടങ്ങിയിരിക്കുന്നു.

ആരോഗ്യസംരക്ഷണത്തിന് കൂടുതല്‍ പണം

പല മേഖലകളിലും ആളുകള്‍ പണം ചെലവഴിക്കുന്നത് കുറയ്ക്കുമെന്ന് പറയുമ്പോള്‍ ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വ്യത്യസ്തമാണ്. ഇക്കാര്യത്തില്‍ പണം കൂടുതല്‍ ചെലവഴിക്കാന്‍ ഉപഭോക്താക്കള്‍ തയാറാണത്രെ. ആരോഗ്യകരമായ, ഓര്‍ഗാനിക് ഭക്ഷണം, മെഡിക്കല്‍ ആവശ്യങ്ങള്‍, ഫിറ്റ്‌നസ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവയ്ക്കായി ചെലവഴിക്കുന്ന പണത്തിന്റെ വിഹിതം കൂട്ടുമെന്ന് 56 ശതമാനം പേര്‍ പറഞ്ഞു.

ലോക്ഡൗണ്‍ മാറ്റി ലോകം സാധാരണ നിലയിലായാല്‍പ്പോലും വിമാനം, റെസ്‌റ്റോറന്റുകള്‍, ക്ലബുകള്‍, മെട്രോകള്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ തൃപ്തികരമായി ഉപയോഗിക്കാന്‍ ജനങ്ങള്‍ മടികാണിക്കുമെന്ന് നീല്‍സണ്‍ ഗ്ലോബല്‍ കണക്റ്റിന്റെ സൗത്ത് ഏഷ്യയിലെ വെസ്റ്റ് മാര്‍ക്കറ്റ് ലീഡര്‍ സമീര്‍ ശുക്‌ള പറയുന്നു. ഉല്‍പ്പന്നങ്ങളും സേവനങ്ങളും ശുചിത്വമുള്ള നിയന്ത്രിതമായ അന്തരീക്ഷത്തില്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയെന്നതാണ് ബ്രാന്‍ഡുകള്‍ക്ക് മുന്നിലുള്ള ഭാവി അവസരമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved