
ചെമ്പ് എന്ന് കേള്‍ക്കുമ്പോള്‍ വിപണിയെ സംബന്ധിച്ച് സാധാരണ ഗതിയില്‍ അത്ര ആവേശമൊന്നും ഉണ്ടാകാറില്ല. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം പോലെ വലിയ വിലയൊന്നും ഉണ്ടാകാറില്ല എന്നത് തന്നെയാണ് അതിന് പ്രധാന കാരണം. എന്നാല്‍ മനുഷ്യകുലത്തിന്റെ വികാസത്തില്‍ നിര്‍ണായക സ്ഥാനം ചെമ്പിനുണ്ട് എന്ന് മറന്നുകൂട. ഇപ്പോള്‍ വിപണിയില്‍ ചെമ്പിന് വില വര്‍ദ്ധിച്ചിരിക്കുകയാണ്. 2012 ന് ശേഷം ഉള്ള ഏറ്റവും ഉയര്‍ന്ന വിലയില്‍ ആണ് ചെമ്പ് എത്തി നില്‍ക്കുന്നത്.
സ്വര്‍ണം പോലെ വളരെ വിലപിടിച്ച ഒരു ലോഹമല്ല ചെമ്പ്. എന്നാല്‍ നിത്യ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങളില്‍ ചെമ്പ് അവശ്യ ഘടകമാണ്. അതുകൊണ്ട് തന്നെ ചെമ്പിന്റെ വില വര്‍ദ്ധിക്കുന്നു എന്നതിനര്‍ത്ഥം, മറ്റ് പല സാധനങ്ങള്‍ക്കും വില കൂടിയേക്കാം എന്ന് കൂടിയാണ്. സപ്ലൈ കുറയുകയും ഡിമാന്‍ഡ് കൂടുകയും ചെയ്തത് തന്നെയാണ് ചെമ്പിന്റെ വില കൂടാനുള്ള കാരണം. പലപ്പോഴും വിലവര്‍ദ്ധനയ്ക്ക് പിന്നില്‍ ഇത് തന്നെ ആകും കാരണം. ചെമ്പിന് മാത്രമല്ല , മറ്റ് പ്രധാന അടിസ്ഥാന ലോഹങ്ങള്‍ക്കും വില കുതിച്ചുകയറി. നിക്കലിനും ടിന്നിനും ആണ് ഏറ്റവും അധികം വില കൂടിയകത്.
2012 ന് ശേഷം ഏറ്റവും ഉയര്‍ന്ന വിലയില്‍ ആണ് ചെമ്പ് എത്തി നില്‍ക്കുന്നത്. 0.9 ശതമാനം ആണ് വില കൂടിയത്. ഒരു ടണ്‍ ചെമ്പിന് 8,406 ഡോളര്‍ (6.10 ലക്ഷം രൂപ) വരെ ആണ് ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ചില്‍ വില എത്തിയത്. പൈപ്പുകളും വയറുകളും എല്ലാം നിര്‍മിക്കുന്നതിലെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ് ചെമ്പ്. ആഗോള തലത്തില്‍ ഉത്പാദന കുതിപ്പുണ്ടാകും എന്ന പ്രതീക്ഷ തന്നെയാണ് ചെമ്പിന്റെ വിലവര്‍ദ്ധനയ്ക്കും വഴിവച്ചത്. കൊവിഡ് വാക്സിന്‍ കൂടുതല്‍ വ്യാപകമാകുന്നതോടെ ലോക സമ്പദ് ഘടന തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ ആണിത്.
ഈ വര്‍ഷം വിപണിയില്‍ ചെമ്പിന്റെ ലഭ്യത കുറവായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തെ ഒന്നാം നിര ചെമ്പ് ഉത്പാദകരില്‍ നിന്നുള്ള ഉത്പാദന സൂചന ഒരു കമ്മി വിപണിയുടേതാണ്. അത് സ്വാഭാവികമായും വില വര്‍ദ്ധനയ്ക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്. കൊവിഡ് വാക്സിന്‍ വിതരണം ഒരുവിധം എല്ലാ രാജ്യങ്ങളിലും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉത്പാദന മേഖലയില്‍ വലിയ ഉണര്‍വ്വുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണികളിലെ ഉണര്‍വ്വു ഈ പ്രതീക്ഷകളെ അടിസ്ഥാനമാക്കിത്തന്നെയാണ്.
വിപണികളില്‍ വലിയ ഉണര്‍വ്വ് പ്രകടമാണെങ്കിലും കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടുണ്ടായ നഷ്ടം നികത്താന്‍ എത്ര കാലം കാത്തിരിക്കേണ്ടി വരും എന്നത് ലോകത്തിന് മുന്നിലെ വലിയ ചോദ്യമാണ്. കൊവിഡ് വ്യാപനത്തോടെ എല്ലാ മേഖലകളും കടുത്ത പ്രതിസന്ധിയിലായിരുന്നു. പൂര്‍ണമായ തിരിച്ചുവരവ് ഇനിയും സാധ്യമായിട്ടില്ല.