
വഡോദര: തങ്ങളുടെ പേരുപയോഗിച്ച് വ്യാപാരം നടത്തുന്നവരെ പൂട്ടാനൊരുങ്ങി അമൂല്‍. പ്രധാന മെട്രോ നഗരങ്ങളായ മുംബൈയിലും ഡല്‍ഹിയിലുമാണ് ഇത്തരത്തില്‍ വ്യാജന്മാര്‍ വിലസുന്നത്. സംഭവം ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ അധികൃതര്‍ ലോഗോ ഉപയോഗിച്ചതിനും പകര്‍പ്പവകാശ ലംഘനത്തിനും കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. അതിന് പിന്നാലെ, മുംബൈ, ഡല്‍ഹി ഹൈക്കോടതികള്‍ അര ഡസന്‍ കേസുകളില്‍ ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിപ്പിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ പ്രധാനമായും നാല് കമ്പനികള്‍ തങ്ങളുടെ ഡിസൈന്‍, ചിത്രങ്ങള്‍, അലങ്കാരങ്ങള്‍, നിറം, എഴുത്ത് ശൈലി, പാക്കേജ് എന്നിവ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാണ് അമൂല്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. അമൂല്‍ ആണെന്ന പേരില്‍ മുംബൈ, ഡല്‍ഹി-എന്‍സിആര്‍, ഉത്തര്‍പ്രദേശ് മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഇവര്‍ തങ്ങളുടെ ജനപ്രീതിയുള്ള അമൂല്‍ ഗേളിന്റെ ചിത്രവും അവരുടെ ഉത്പന്നത്തില്‍ ഉപയോഗിച്ചുവെന്നും പരാതിയില്‍ പറയുന്നു. കൂടുതല്‍ കേസുകളിലും ഇവര്‍ അമൂല്‍ എന്ന പേരില്‍ എന്തെങ്കിലും രണ്ട് അക്ഷരങ്ങള്‍ കൂടി കൂട്ടിചേര്‍ത്താണ് തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റിരുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. അമൂല്‍ താസയോട് സാമ്യമുള്ള അംസൂല്‍ താസാ എന്ന പേര് ഉപയോഗിക്കുന്നതായി മുംബൈ ഹൈക്കോടതി കണ്ടെത്തിയിരുന്നു.
'അമുല്‍ താസ' കൈര ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡിന്റെ (കെഡിസിഎംയുഎല്‍) ഉടമസ്ഥതയിലുള്ള ഒരു രജിസ്റ്റര്‍ ചെയ്ത വ്യാപാരമുദ്രയാണ് അമൂല്‍ ഡയറി എന്നറിയപ്പെടുന്നത്. ഗുജറാത്ത് കോപറേറ്റീവ് മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (ജിസിഎംഎംഎഫ്) എന്ന സംഘടനയുടെ അംഗമാണ്. ഇവര്‍ അംഗീകാരം നല്‍കിയ ആളുകള്‍ക്ക് മാത്രമാണ് ഈ മുദ്രയുപയോഗിച്ച് വ്യാപാരം നടത്താന്‍ അനുമതിയുള്ളത്. ഇതിനെ തുടര്‍ന്ന് 75,000 രൂപയുടെ നഷ്ടപരിഹാരത്തിനും പരാതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വിവിധ സ്ഥലങ്ങളില്‍ വ്യാപാരം നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ തുടര്‍ന്ന് വരികയാണ്. സമാനമായി ഉത്തര്‍പ്രദേശില്‍ അമൂലിന്റെ ഫ്രഷ് ക്രീം എന്ന് തെറ്റിധരിച്ച് വില്‍പ്പന നടത്തിയ കമ്പനിക്കെതിരേയും കേസെടുത്തിട്ടുണ്ട്.