രാജ്യത്തെ വ്യവസായ മേഖലയുടെ വളര്‍ച്ച മേയ് മാസത്തില്‍ 23.4 ശതമാനം ചുരുങ്ങി

July 01, 2020 |
|
News

                  രാജ്യത്തെ വ്യവസായ മേഖലയുടെ വളര്‍ച്ച മേയ് മാസത്തില്‍ 23.4 ശതമാനം ചുരുങ്ങി

കോവിഡ് നിയന്തണങ്ങള്‍ അയഞ്ഞെങ്കിലും രാജ്യത്തെ മുഖ്യ വ്യവസായ മേഖലയുടെ തിരിച്ചുവരവ് മന്ദഗതിയില്‍. പ്രധാന വ്യവസായ മേഖലയുടെ വളര്‍ച്ച മേയില്‍ നെഗറ്റീവ് 23.4 ശതമാനമായിരുന്നു. പ്രതീക്ഷിച്ചതിലും വളരെ താഴ്ന്ന വേഗത്തിലാണ് മേഖലയുടെ വീണ്ടെടുപ്പെന്ന് നിരീക്ഷകര്‍ പറയുന്നു. 2019 മേയില്‍ വളര്‍ച്ച പോസിറ്റീവ് 3.8 ശതമാനമായിരുന്നു.

ഏപ്രിലിലെ നെഗറ്റീവ് 37 ശതമാനത്തെ അപേക്ഷിച്ച് മേയില്‍ വളര്‍ച്ച അല്പം മെച്ചപ്പെട്ടെങ്കിലും നെഗറ്റീവ് തലത്തില്‍ നിന്ന് കരകയറാനാവാത്തത് മേഖലയെ ആശങ്കപ്പെടുത്തുന്നുണ്ട്.ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന സൂചികയില്‍ (ഐ.ഐ.പി) 40.27 ശതമാനം പങ്കുവഹിക്കുന്നത് മുഖ്യവ്യവസായ മേഖലയാണ്. ഏപ്രില്‍-മേയ് കാലയളവില്‍ വളര്‍ച്ച നെഗറ്റീവ് 30 ശതമാനമാണ്. മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ 4.5 ശതമാനമായിരുന്നു വളര്‍ച്ച.

നെഗറ്റീവ് 4.5 ശതമാനത്തില്‍ നിന്ന് പോസിറ്റീവ് 7.5 ശതമാനത്തിലേക്ക്് വളം ഉത്പാദനം വളര്‍ന്നതു മാത്രമാണ് ഈ മേഖലയിലെ ഏക പുരോഗതി. സ്റ്റീല്‍, സിമന്റ്, വൈദ്യുതി, വളം, ക്രൂഡോയില്‍, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, കല്‍ക്കരി എന്നീ സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്. കല്‍ക്കരി ( 14 ശതമാനം), ക്രൂഡോയില്‍ ( 7.1 ശതമാനം), പ്രകൃതിവാതകം ( 16.8 ശതമാനം), റിഫൈനറി ഉത്പന്നങ്ങള്‍ ( 21.3 ശതമാനം), സ്റ്റീല്‍ ( 48.4 ശതമാനം), സിമന്റ് ( 22.2 ശതമാനം), വൈദ്യുതി ( 15.6 ശതമാനം) എന്നിങ്ങനെയാണ് വിവിധ മേഖലകള്‍ തളര്‍ന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി നടപ്പുവര്‍ഷത്തെ ആദ്യ രണ്ടു മാസക്കാലത്ത് ബജറ്റില്‍ ലക്ഷ്യമിട്ടതിന്റെ 58.6 ശതമാനം കവിഞ്ഞതിലുള്ള ആശങ്കയും നിരാക്ഷകര്‍ പങ്കു വയ്ക്കുന്നു. 4.66 ലക്ഷം കോടി രൂപയാണ് ഏപ്രില്‍-മേയില്‍ ധനക്കമ്മി. 2019-20ല്‍ ധനക്കമ്മി ലക്ഷ്യം ജി.ഡി.പിയുടെ 3.3 ശതമാനമായിരുന്നെങ്കിലും 4.6 ശതമാനത്തില്‍ എത്തിയിരുന്നു.കോവിഡ് പശ്ചാത്തലത്തില്‍ നടപ്പുവര്‍ഷം ഇത് 5 ശതമാനം കവിയുമെന്നാണ് പുതിയ പ്രവചനം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved