കൊറോണ; മൊബൈല്‍ വിപണി കാണാനിരിക്കുന്നത് വന്‍ വില വര്‍ധനവ്, ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളും പ്രതിസന്ധിയില്‍

February 17, 2020 |
|
News

                  കൊറോണ; മൊബൈല്‍ വിപണി കാണാനിരിക്കുന്നത് വന്‍ വില വര്‍ധനവ്, ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളും പ്രതിസന്ധിയില്‍

ദില്ലി: ലോകത്തിലെ അതിവേഗം വളരുന്ന മൊബൈല്‍ ഫോണ്‍ വിപണി ക്ക് കനത്ത തിരിച്ചടിയാണ് കൊറോണ വൈറസ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ വരുന്ന പതിനഞ്ച് ദിവസത്തിനകം ഫോണ്‍വില കുത്തനെ കൂടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കൊറോണ വൈറസ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയ ചൈനയിലെ പ്ലാന്റുകള്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ബജറ്റ് ഫോണുകളും ഫീച്ചര്‍ ഫോണുകളും ഇന്ത്യന്‍ വിപണിയില്‍ ക്ഷാമം നേരിടുന്ന സ്ഥിതിയാണ്. ഫീച്ചര്‍ ഫോണുകളില്‍ വിലവര്‍ധന പത്ത് ശതമാനമായിരിക്കാമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിഖില്‍ ചോപ്ര പറയുന്നു. സ്മാര്‍ട്ട് ഫോണ്‍ വിലയില്‍ ഏഴ് ശതമാനം വരെ വര്‍ധനവുണ്ടായേക്കും. ഇതിലും കൂടുതല്‍ വര്‍ധനവ് വന്നാലും അത്ഭുതപ്പെടാനില്ല.

നിലവില്‍ രാജ്യത്തെ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആവശ്യകത കുറവായിരിക്കുമെന്നതിനാല്‍ ആ മേഖലയ്ക്ക് അത്ര വലിയ ആഘാതം കൊറോണ കാരണം ഏല്‍ക്കേണ്ടി വരില്ലെന്ന് കാനലിസിലെ ഗവേഷകനായ അദ്വൈത് മാര്‍ദികാര്‍ പറയുന്നു. ചൈനയില്‍ നിന്ന് പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന ഐഫോണ്‍ പോലുള്ള മോഡലുകള്‍ക്ക് ഈ പ്രതിസന്ധി തീര്‍ച്ചയായും ബാധിക്കുമെന്നും അദേഹം വിലയിരുത്തുന്നു. അടച്ചൂപട്ടല്‍ മൂലമുണ്ടാവുന്ന പ്രതിസന്ധി വരുന്ന ആറ് മാസത്തേക്ക് നീണ്ടുനില്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഘടകങ്ങളുടെ ലഭ്യതയില്‍ ഉണ്ടാവുന്ന കുറവ്,ലഭ്യതയേക്കാള്‍ ഉയര്‍ന്ന ആവശ്യകത എന്നി കാരണങ്ങള്‍ മൂലം ഫോണുകളുടെ വിലയില്‍ വര്‍ധനവും ദൃശ്യമാവും. കഴിഞ്ഞ ആഴ്ച ഷവോമി തങ്ങളുടെ റെഡ്മി നോട്ട് 8 മോഡലിന്റെ വില വര്‍ധിപ്പിച്ചതും  ഈ പശ്ചാത്തലത്തിലാണ് . ഇന്ത്യയിലെ നിലവിലെ ടോപ് 5 ഫോണ്‍ നിര്‍മാതാക്കളെയും കൊറോണ വൈറസ് ബാധ ദോഷകരമായി ബാധിച്ചു. ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവാണ് ഇന്ത്യ. എന്നാല്‍ ചൈനയെ തന്നെയാണ് ഇന്ത്യ സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ കാര്യമായി ആശ്രയിക്കുന്നത്. ഡിസ്‌പ്ലേ പാനലുകളും ക്യാമറ മൊഡ്യൂളുകളും സര്‍ക്യൂട്ട് ബോര്‍ഡുകളും അടക്കം ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ടൊക്കെ തന്നെ കനത്ത തിരിച്ചടിയായിരിക്കും മൊബൈല്‍ വിപണിയില്‍ ഇനി കാണാനിരിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved