
ദുബായ്: കെട്ടിട നിര്‍മാണ മേഖലയിലും കൊറോണ വൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമാകുകയാണെങ്കിലും ഒരു ജീവനക്കാരെയും പിരിച്ചുവിടില്ലെന്ന് ദുബായിലെ പ്രമുഖ കെട്ടിട നിര്‍മാതാക്കളായ ഡാന്യൂബ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ റിസ്‌വാന്‍ സാജന്റെ ഉറപ്പ്. കമ്പനിയുടെ പ്രോജക്ടുകളിലെല്ലാം നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണെന്ന് തൊഴിലാളികളെ പിരിച്ചുവിടില്ലെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഏതാണ്ട് 3,600ഓളം പേരാണ് ഡാന്യൂബില്‍ ജോലി ചെയ്യുന്നത്.
പശ്ചിമേഷ്യയിലും ലോകത്താകമാനവും തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണെങ്കിലും ഡാന്യൂബ് ഗ്രൂപ്പ് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു. മുമ്പുള്ളത് പോലെ വേഗത്തിലല്ലെങ്കിലും എല്ലാ സൈറ്റുകളിലും നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച വെബ് കോണ്‍ഫറന്‍സില്‍ സാജന്‍ പറഞ്ഞു. ബാങ്കിംഗ്, ആരോഗ്യ മേഖലകളെ പോലെ ലോക്ക്ഡൗണില്‍ യുഎഇയിലെ കെട്ടിട നിര്‍മാണ മേഖലയ്ക്കും സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. രാജ്യത്തെ കെട്ടിട നിര്‍മാണ, അടിസ്ഥാന സൗകര്യ പ്രോജക്ടുകളില്‍ നിര്‍മാണം പുരോഗമിക്കുന്നുവെന്ന്് ബിഎന്‍സി പ്രോജക്ട്‌സ് ജേണലും വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് പ്രതിസന്ധിക്ക് ശേഷവും കെട്ടിട നിര്‍മാണ മേഖല സ്ഥിരതോടെ മുന്നേറുമെന്ന് സാജന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ ഒരുപാട് പുതിയ പ്രോജക്ടുകള്‍ അവതരിപ്പിക്കപ്പെടാന്‍ ഇടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത 2-3 മാസത്തിനുള്ളില്‍ യുഎഇ കോവിഡ്-19 പ്രതിസന്ധിയില്‍ നിന്നും മുക്തമാകുമെന്നും വൈറസിന് മേല്‍ വിജയം നേടുന്ന ആദ്യ രാജ്യങ്ങളില്‍ ഒന്നായിരിക്കും യുഎഇ എന്നും സാജന്‍ പറഞ്ഞു. വളരെ പെട്ടന്ന് വൈറസിനെ അതിജീവിക്കാന്‍ കഴിയുന്നതിലൂടെ വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്തെ ആരോഗ്യ സംവിധാനത്തിലും സമ്പദ് വ്യവസ്ഥയിലുമുള്ള വിശ്വാസം മെച്ചപ്പെടും. അതേസമയം വില ഇനിയും താഴേക്ക് പോകുമെന്നതില്‍ ഒരു സംശയവും ഇല്ല. എന്നാല്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവരെ സംബന്ധിച്ചെടുത്തോളം അത് നേട്ടമാണ്. മൂന്നുമാസത്തിനുള്ളില്‍ ഇതില്‍ നിന്നെല്ലാം പുറത്തുകടക്കാന്‍ കഴിയും.