
ബെയ്ജിംഗ്: ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥ 2020ന്റെ ആദ്യ പാദത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദന(ജിഡിപി)ത്തില്‍ രേഖപ്പെടുത്തിയത് 6.8 ശതമാനത്തിന്റെ റെക്കോഡ് ഇടിവ്. 1992ല്‍ ജിഡിപി ഡാറ്റ ചൈന പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചതു മുതലുള്ള കാലയളവില്‍ ആദ്യമായി രേഖപ്പെടുത്തുന്ന ഇടിവാണിത്. 1979 ല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചതു മുതലുള്ള കാലയളവില്‍ ചൈനയുടെ ജിഡിപിയുടെ ഏറ്റവും മോശം പ്രകടനമാണിതെന്നും സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫാക്റ്ററികളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നതും യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും എല്ലാവിധ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഏറക്കുറേ നിശ്ചലാവസ്ഥയില്‍ എത്തിയതുമാണ് ചൈനീസ് സമ്പദ് വ്യവസ്ഥയെ റെക്കോഡ് ഇടിവിലേക്ക് നയിച്ചത്. ഫെബ്രുവരി അവസാനത്തോടെ ചൈനയ്ക്ക് തങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഒരു പരിധി വരെ പുനരാരംഭിക്കാന്‍ ആയെങ്കിലും സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിന് കൂടുതല്‍ സമയം വേണ്ടിവരും. കോവിഡ് 19 പടര്‍ന്നു പിടിച്ചത് ആഗോള ആവശ്യകതയെ ദുര്‍ബലമാക്കുന്നതില്‍ വലിയ പ്രത്യാഘാതം നേരിടുന്ന രാജ്യങ്ങളില്‍ ഒന്നായിരിക്കും ചൈന.
കഴിഞ്ഞ വര്‍ഷം ചൈനയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 80 ശതമാനത്തോളം പങ്കുവഹിച്ച റീട്ടെയില്‍ ചെലവിടല്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ 19 ശതമാനം ഇടിഞ്ഞു. ഫാക്റ്ററികളിലെയും മറ്റ് സ്ഥിര ആസ്തികളിലെയും നിക്ഷേപം 16.1 ശതമാനം ഇടിവ് പ്രകടമാക്കി. മുന്‍ പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ ജിഡിപി 9.8 ശതമാനം ഇടിവാണ് പ്രകടമാക്കിയിട്ടുള്ളത്. നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്, 9.9 ശതമാനം സങ്കോചമാണ് പ്രതീക്ഷിരുന്നത്. ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ 1.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.
മാര്‍ച്ചില്‍ ചൈനയുടെ വ്യാവസായിക ഉല്‍പ്പാദനം 1.1 ശതമാനം ഇടിവാമ് മുന്‍ വര്‍ഷം മാര്‍ച്ചിനെ പേക്ഷിച്ച് രേഖപ്പെടുത്തിയത്. പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കുറവാമിത്. റീട്ടെയില്‍ വില്‍പ്പന 15.8 ശതമാനം ഇടിഞ്ഞു. സ്ഥിര ആസ്തി നിക്ഷേപം ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 16.1 ശതമാനം കുറഞ്ഞു.ചൈനയിലെ നഗര തൊഴിലില്ലായ്മാ നിരക്ക് മാര്‍ച്ചില്‍ 5.9 ശതമാനമായിരുന്നു. ഫെബ്രുവരിയിലെ 6.2 ശതമാനത്തില്‍ നിന്നുള്ള മെച്ചപ്പെടലാണിത്. മാര്‍ച്ചില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ വാഹന വില്‍പ്പന 48.4 ശതമാനം ഇടിഞ്ഞു. ഫെബ്രുവരിയിലുണ്ടായ 81.7 ശതമാനത്തിന്റെ റെക്കോര്‍ഡ് ഇടിവിനെ അപേക്ഷിച്ച് മികച്ചതാണിത്.
കയറ്റുമതി മാര്‍ച്ചില്‍ 6.6 ശതമാനം ഇടിഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇരട്ട അക്ക ഇടിവ്സ്ഥാനത്താണിത്. എന്നാല്‍ വൈറസ് വ്യാപനം യുഎസ്, യൂറോപ്യന്‍ വിപണികളിലെ ഉപഭോക്തൃ ആവശ്യം കുറയ്ക്കുന്നതിനാല്‍ ചൈനയിലെ കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ മാന്ദ്യം നേരിടേണ്ടി വന്നേക്കാം എന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. കോവിഡ് 19 സൃഷ്ടിച്ച തൊഴില്‍ നഷ്ടവും സാമൂഹിക അസ്ഥിരാവസ്ഥയും പരിഹരിക്കുന്നതിന് കൂടുതല്‍ നടപടികള്‍ വേഗത്തില്‍ കൈക്കൊള്ളുമെന്ന് ചൈനീസ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.