
ന്യൂഡൽഹി: കൊറോണ മഹാമാരിയെത്തുടര്‍ന്ന് രാജ്യം സ്തംഭിച്ചു നില്‍ക്കുകയാണ്. സമ്പദ് ഘടന കൂപ്പുകുത്തി നില്‍ക്കുന്നു. ഇന്ത്യയില്‍ തൊഴില്ലില്ലായ്മ കുത്തനെ ഉയരുമെന്ന സൂചനകള്‍ വന്നുതുടങ്ങി. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ മാത്രം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് പുതിയ വിവരം.
നിലവില്‍ മെയ് 3 വരെ രാജ്യത്തിനകത്ത് വിമാന സര്‍വീസുകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് എങ്ങനെ ശമ്പളം കൊടുക്കുമെന്ന ആലോചനയിലാണ് വിമാനക്കമ്പനികള്‍. താത്കാലിക പൈലറ്റുമാരെ പിരിച്ചുവിട്ടും ജീവനക്കാരുടെ ശമ്പളം പിടിച്ചുവെച്ചും ഏതാനും ആഭ്യന്തര കമ്പനികള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്.
രാജ്യാന്തര എയര്‍ലൈന്‍ ഗ്രൂപ്പായ അയാട്ടയുടെ റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ നീങ്ങിയാലും യാത്രാ സര്‍വീസുകളില്‍ നിന്നുള്ള കമ്പനികളുടെ വരുമാനം 36 ശതമാനം ഇടിയും. ഏകദേശം 8.8 ബില്യണ്‍ ഡോളര്‍ വരുമിത്. വരുമാന നഷ്ടം വലിയ തോതിലുള്ള പിരിച്ചുവിടലിലേക്കാണ് നയിക്കുക. വ്യോമയാന മേഖലയില്‍ 20 ലക്ഷത്തോളം പേരുടെ ജോലി ഞാണിന്മേല്‍ തുടരും. ഇപ്പോഴത്തെ ദുര്‍ഘട നിമിഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് അയാട്ടയുടെ വിലയിരുത്തല്‍.
പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന വിമാനക്കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സാമ്പത്തിക പിന്തുണ, വായ്പാ പിന്തുണ, വായ്പാ ഗ്യാരണ്ടി, കോര്‍പ്പറേറ്റ് ബോണ്ട് പിന്തുണ എന്നിവയെല്ലാം സര്‍ക്കാരില്‍ നിന്നും വിമാനക്കമ്പനികള്‍ പ്രതീക്ഷിക്കുന്നതായി അയാട്ട വ്യക്തമാക്കി.
എയര്‍ ഇന്ത്യ, എയര്‍ വിസ്താര, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് ഉള്‍പ്പെടെ 290 ഓളം എയര്‍ലൈനുകളുമായി സഹകരിക്കുന്ന രാജ്യാന്തര വിമാനഗ്രൂപ്പാണ് അയാട്ട. ഈ വര്‍ഷം വരുമാനത്തില്‍ 314 ബില്യണ്‍ ഡോളര്‍ നഷ്ടം യാത്രാവിമാനങ്ങള്‍ക്ക് സംഭവിക്കുമെന്ന് കമ്പനി പറയുന്നു. 2019 -നെ അപേക്ഷിച്ച് വിമാനയാത്ര ചെയ്യുന്നവരുടെ എണ്ണം 48 ശതമാനം ഇടിയും. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദം വിമാനക്കമ്പനികള്‍ക്ക് 61 ബില്യണ്‍ ഡോളറോളം ക്യാഷ് റിസര്‍വില്‍ നിന്നും ചിലവഴിക്കേണ്ടതായി വരുമെന്നും അയാട്ട കൂട്ടിച്ചേര്‍ത്തു.