
കൊറോണ വൈറസ് പ്രതിസന്ധിയില്‍ കിട്ടാകടം വര്‍ദ്ധിച്ചതിനാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ക്ക് ധനമന്ത്രാലയം 1.5 ട്രില്യണ്‍ രൂപ നല്‍കേണ്ടിവരുമെന്ന് ബാങ്കിംഗ് വൃത്തങ്ങള്‍. വൈറസിനെ നേരിടാന്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ബിസിനസുകള്‍ക്ക് കനത്ത തിരിച്ചടിയായതിനാല്‍ വായ്പാ വീഴ്ചകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ വായ്പകളുടെ മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതും ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വര്‍ദ്ധിക്കാന്‍ കാരണമായി.
ബാങ്ക് റീ ക്യാപിറ്റലൈസേഷനായി 250 ബില്യണ്‍ രൂപയുടെ ബജറ്റ് സര്‍ക്കാര്‍ ആദ്യം പരിഗണിച്ചിരുന്നുവെങ്കിലും അത് ഗണ്യമായി ഉയര്‍ന്നുവെന്ന് ഇക്കാര്യത്തില്‍ നേരിട്ട് അറിവുള്ള ഒരു മുതിര്‍ന്ന സര്‍ക്കാര്‍ സ്രോതസ്സ് വ്യക്തമാക്കി. നിലവിലെ സ്ഥിതി വളരെ ഭീകരമാണെന്നും ബാങ്കുകള്‍ക്ക് പുതിയ ഫണ്ടുകള്‍ ഉടന്‍ ആവശ്യമാണെന്നും ബാങ്കിംഗ് വൃത്തങ്ങള്‍ പറഞ്ഞു.
ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും എന്നാല്‍ ധനമന്ത്രാലയം ഇതുവരെ ഈ കാര്യത്തോട് പ്രതികരിച്ചിട്ടില്ലെന്നുമാണ് സൂചന. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 സെപ്റ്റംബര്‍ അവസാനത്തോടെ തന്നെ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് 9.35 ട്രില്യണ്‍ രൂപയുടെ നിഷ്‌ക്രീയ ആസ്തിയുണ്ടായിരുന്നെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അടുത്ത മാര്‍ച്ച് മാസം അതായത് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കിട്ടാകടം മൊത്തം ആസ്തിയുടെ 18-20 ശതമാനമായി ഉയരുമെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളെ സഹായിക്കാനായി സര്‍ക്കാര്‍ ഇതിനകം 3.5 ട്രില്യണ്‍ രൂപ അനുവദിച്ചിട്ടുണ്ട്.
രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ മൂന്നാം മാസത്തിലേക്ക് കടക്കുന്നത് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ചയില്‍ സങ്കോചമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിരവധി ആഗോള റേറ്റിംഗ് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബാങ്കിംഗ് മേഖലയെക്കുറിച്ചുള്ള അവരുടെ വിലയിരുത്തലും മറ്റൊന്നല്ല. സാമ്പത്തിക വീണ്ടെടുക്കലിന് വളരെയധികം സമയമെടുക്കുമെന്നാണ് കണക്കാക്കുന്നത്.
അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷവും കോവിഡിനു മുന്‍പുണ്ടായിരുന്ന വളര്‍ച്ച നിരക്കിലേക്ക് ഇന്ത്യ എത്താന്‍ സാധ്യതയില്ലെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ വ്യക്തമാക്കിയിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി വരുമാനം അഞ്ച് ശതമാനം ചുരുങ്ങുമെന്ന് കണക്കാക്കുന്നതായും ഇന്ത്യയുടെ ജിഡിപി അവലോകന റിപ്പോര്‍ട്ടില്‍ ക്രിസില്‍ ചൂണ്ടിക്കാട്ടി.
ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ വായ്പകളുടെ മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത് വായ്പക്കാര്‍ക്ക് ആശ്വാസം നല്‍കുമെങ്കിലും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അങ്ങനെയല്ല. വിവിധ ബാങ്കുകള്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം, അവരുടെ കുടിശ്ശികയുള്ള വായ്പകളില്‍ 25 മുതല്‍ 30 ശതമാനം വരെ മൊറട്ടോറിയത്തിന് കീഴിലാണ്. സെപ്റ്റംബറിന് ശേഷം നിഷ്‌ക്രിയ ആസ്തി നിലവിലെ നിലവാരമായ 10 ലക്ഷം കോടിയില്‍ നിന്ന് ഉയരുമെന്നാണ് കണക്കാക്കുന്നത്.