
ന്യൂഡല്‍ഹി: രാജ്യമെങ്ങുമുള്ള 17 ഫാക്റ്ററികളില്‍ നിന്നായി പ്രതിദിനം ആയിരത്തോളം വ്യക്തി സുരക്ഷാ വസ്ത്രങ്ങള്‍ (പിപിഇ) നിര്‍മിക്കാന്‍ ഒരുങ്ങി റെയില്‍വേ. റെയില്‍വേ ആശുപത്രികളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്റ്റര്‍മാക്കും നഴ്‌സുമാര്‍ക്കും മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായാണ് പ്രധാനമായും ഇവ തയാറാക്കുക. പ്രതിരോധ ഗവേഷണ ഏജന്‍സിയുമായി (ഡിആര്‍ഡിഒ) സഹകരിച്ചാണ് നടപടി. ഇതോടൊപ്പം ഉല്‍പ്പാദനത്തിന്റെ 50 ശതമാനം രാജ്യത്തെ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എത്തിച്ച് നല്‍കാന്‍ റെയില്‍വേ ആലോചിക്കുന്നുണ്ട്.
വസ്ത്ര നിര്‍മാണ കേന്ദ്രമായ ഹരിയാനയിലെ ജാഗധാരിയില്‍ നിന്നാണ് ഇതിന് ആവശ്യമായ തുണിത്തരങ്ങള്‍ ശേഖരിക്കുന്നത്. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം അംഗീകരിച്ച യമുനാനഗർ ആസ്ഥാനമായുള്ള വെണ്ടർമാരിൽ നിന്ന് അസംസ്കൃത വസ്തുക്കൾ ശേഖരിച്ച് വസ്ത്രം ഉത്പാദിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡിനെതിരായ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് സർക്കാർ ഏജൻസികൾ ഇന്ത്യൻ റെയിൽവേയുടെ മൊത്തത്തിലുള്ളതും പുതുമയുള്ളതുമായ വികസനത്തെ സ്വാഗതം ചെയ്യുന്നു.
വരും ദിവസങ്ങളില്‍ പിപിഇ വസ്ത്രങ്ങളുടെ ഉല്‍പ്പാദനം ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് റെയില്‍വേ പറയുന്നത്. ജൂണ്‍ മാസത്തോടെ രാജ്യത്തെ ആരോഗ്യ മേഖലയില്‍ 1.5 കോടി പിപിഇ വസ്ത്രങ്ങള്‍ ആവശ്യമായി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഉപയോഗശേഷം ഇവ സുരക്ഷിതമായി കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. നിലവില്‍ ഇത്തരം വസ്ത്രങ്ങൾക്ക് ലോകമെങ്ങും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഈ പിപിഇകളുടെ സാങ്കേതിക സവിശേഷതകൾ ഇപ്പോൾ തയ്യാറായിക്കഴിഞ്ഞു. മെറ്റീരിയൽ വിതരണക്കാരും നിലവിലുണ്ട്. ഇപ്പോൾ ഉൽപാദനം ശരിയായ ഉത്സാഹത്തോടെ ആരംഭിക്കുകയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.