
വാഷിങ്ടണ്‍: കോവിഡ് മഹാമാരി 2021-ഓടെ ലോകത്ത് 15 കോടി പേരെ കടുത്ത ദാരിദ്ര്യത്തിലാക്കാന്‍ സാധ്യതയുണ്ടെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. അതിനാല്‍ രാജ്യങ്ങള്‍ മൂലധനം, തൊഴില്‍, നൈപുണി എന്നിവ പുതിയ സംരംഭങ്ങളിലേക്കും മറ്റു മേഖലകളിലേക്കും ഉപയോഗിക്കാന്‍ തയ്യാറാകണമെന്നും ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ വര്‍ഷം തന്നെ മഹാമാരി 8.8 കോടി മുതല്‍ 11.5 കോടി ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും. 2021-ഓടെ ഇത് 15 കോടിയിലെത്തും. 2020-ല്‍ ലോകത്തെ ദാരിദ്ര്യനിരക്ക് 7.9 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കോവിഡും ആഗോളമാന്ദ്യവും ലോകത്തെ 1.4 ശതമാനത്തെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ് -ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു.
അതായത് ലോക ജനസംഖ്യയുടെ 9.1-9.4% ഈ വര്‍ഷം കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങും. ഇത് 2017 ലെ 9.2 ശതമാനത്തിന് തുല്യമാണ്. ഏകദേശം 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഉയര്‍ച്ചയാണിത്. കോവിഡ്19 പ്രതിസന്ധി ദരിദ്രരുടെ വരുമാനം 40% കുറയ്ക്കാനും വരുമാന അസമത്വം വര്‍ദ്ധിപ്പിക്കാനും സാമൂഹിക ചലനാത്മകത കുറയ്ക്കാനും ഇടയാക്കുമെന്ന് ബാങ്ക് പറഞ്ഞു.
ദാരിദ്ര്യ ലഘൂകരണത്തിന്റെ പാതയിലേക്ക് തിരിച്ചുവരാന്‍, രാജ്യങ്ങള്‍ക്ക് വൈറസ് നിയന്ത്രിക്കുന്നതിനും വീടുകള്‍ക്ക് പിന്തുണ നല്‍കുന്നതിനും പകര്‍ച്ചവ്യാധി ശമിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായ സമ്പദ്വ്യവസ്ഥകള്‍ കെട്ടിപ്പടുക്കുന്നതിനും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് ലോക ബാങ്ക് അറിയിച്ചു. മൂലധനം, തൊഴില്‍, കഴിവുകള്‍, പുതുമ എന്നിവ പുതിയ ബിസിനസ്സുകളിലേക്കും മേഖലകളിലേക്കും നീങ്ങാന്‍ അനുവദിച്ചുകൊണ്ട് കോവിഡിന് ശേഷമുള്ള മറ്റൊരു സമ്പദ്വ്യവസ്ഥയ്ക്കായി രാജ്യങ്ങള്‍ തയ്യാറാകേണ്ടതുണ്ട് എന്നും ഡേവിഡ് മാല്‍പാസ് പറഞ്ഞു.