
മുംബൈ: സോഫ്റ്റ് വെയർ പ്രമുഖരായ വിപ്രോ, വിപ്രോ എന്റർപ്രൈസസ്, അസിം പ്രേംജി ഫൗണ്ടേഷൻ എന്നിവർ ചേർന്ന് 1,125 കോടി രൂപ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ചു. ഈ തുക മെഡിക്കൽ, സേവന രംഗങ്ങളിൽ നിന്ന് പകർച്ചവ്യാധിക്കെതിരെ മുൻനിര പോരാട്ടം നടത്തുന്നവരെ സഹായിക്കും. കൂടാതെ സമൂഹത്തിലെ ഏറ്റവും ദുരിതം അനുഭവിക്കുന്നവർക്ക് സാഹോദര്യത്തിന്റെയും മാനുഷികതയുടേയും വഴിയിലൂടെ ആഘാതം ലഘൂകരിക്കുന്നതിനും സഹായിക്കുമെന്ന് കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു.
1,125 കോടി രൂപയിൽ വിപ്രോയുടെ പ്രതിബദ്ധത 100 കോടി രൂപയും വിപ്രോ എന്റർപ്രൈസസ് ലിമിറ്റഡിന്റേത് 25 കോടി രൂപയുമാണ്. ബാക്കി 1,000 കോടി രൂപ അസിം പ്രേംജി ഫൗണ്ടേഷനുമാണ് നൽകുന്നത്. വാർഷിക കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്‌ആർ) പ്രവർത്തനങ്ങൾക്ക് പുറമേയാണ് ഈ തുക അസിം പ്രേംജി ഫൗണ്ടേഷൻ നൽകുന്നത്. ഇത് കമ്പനിയുടെ സാധാരണ ചെലവിനേക്കാൾ കൂടുതലുമാണ്.
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിരവധി വൻകിട കോർപ്പറേറ്റുകൾ വിവിധ മാർഗങ്ങളിലൂടെ പണം സംഭാവന ചെയ്യുന്നു. പല കമ്പനികളും പിഎം സിറ്റിസൺ അസിസ്റ്റൻസിലേക്കും, റിലീഫ് ഇൻ എമർജൻസി സിറ്റ്വേഷൻ (പിഎം കെയേഴ്സ്) ഫണ്ടിലേക്കും സംഭാവന നൽകിയിട്ടുണ്ട്.