
ന്യൂഡല്‍ഹി: കൊറോണ വൈറസ് ഉയര്‍ത്തിയ പ്രതിസന്ധിയില്‍ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടതായി യൂറോപ്യന്‍ വിമാന നിര്‍മ്മാണ കമ്പനി എയര്‍ബസ്. കമ്പനിക്ക് കീഴില്‍ ജോലി ചെയ്യുന്ന 1.35 ലക്ഷം പേരാണ് ലോകത്താകമാനം ഉള്ളത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി.
കമ്പനിയുടെ പക്കലുള്ള പണം അതിവേഗം ചോര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച അയച്ച കത്തില്‍, എയര്‍ബസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഗില്ലോമി ഫോറി പറഞ്ഞു. യൂറോപ്പില്‍ സര്‍ക്കാരുകള്‍ കമ്പനികള്‍ക്ക് നിയന്ത്രിതമായ രീതിയില്‍ ജീവനക്കാരെ താത്കാലികമായി അവധിയില്‍ അയക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. 3,000 പേരെ ഇങ്ങനെ താത്കാലികമായി പിരിച്ചുവിടും.
അതേസമയം 2007 ലേതിന് സമാനമായി കമ്പനി പതിനായിരം പേരെ പിരിച്ചുവിട്ടേക്കും എന്നാണ് മേഖലയില്‍ നിന്നുള്ള സൂചനകള്‍. നിലനില്‍പ്പ് പ്രതിസന്ധിയിലായ വ്യവസായ -വാണിജ്യ മേഖലകളെ സഹായിക്കാന്‍ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ യൂറോപ്പിലെ വിവിധ സര്‍ക്കാരുകളുമായി എയര്‍ബസ് പ്രതിനിധികള്‍ സംസാരിക്കുന്നുണ്ട്.