കോവിഡ് ചികിത്സയ്ക്ക് മരുന്നുമായി പതഞ്ജലി; 545 രൂപയ്ക്ക് കൊറോണില്‍ കിറ്റ്; ഫലപ്രദമെന്ന് ബാബാരാംദേവ്

June 23, 2020 |
|
News

                  കോവിഡ് ചികിത്സയ്ക്ക് മരുന്നുമായി പതഞ്ജലി; 545 രൂപയ്ക്ക് കൊറോണില്‍ കിറ്റ്; ഫലപ്രദമെന്ന് ബാബാരാംദേവ്

ലോകമൊട്ടാകെയുള്ള ശാസ്ത്രജ്ഞര്‍ കോവിഡിനെ പിടിച്ചുകെട്ടാനുള്ള ഗവേഷണത്തിന്റെ തിരക്കിലാണ്. എല്ലാത്തിനെയും പിന്നിലാക്കി, ഒരുപടികൂടി കടന്നുചിന്തിച്ച പതഞ്ജലി കോവിഡിനുള്ള ആയുര്‍വേദമരുന്നുമായി രംഗത്തെത്തിയിരിക്കുന്നു. ശാസ്ത്രലോകത്തിന് ഇതുവരെ ഫലപ്രദമായ മരുന്നോ വാക്സിനോ വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ബാബാരാംദേവിന്റെ കമ്പനിക്ക് അതിന് കഴിഞ്ഞു എന്ന അവകാശവാദത്തിലാണ്.

കൊറോണില്‍-എന്ന പേര് കോവിഡിനോട് ഏറെ സാമ്യമുണ്ടെങ്കിലും അതിന്റെ ശാസ്ത്രീയവശം അതീവ രഹസ്യമാണ്. ജൂണ്‍ 23 ന് ഉച്ചയ്ക്ക് 12 മണിക്ക് മരുന്ന് പുറത്തിറക്കിക്കഴിഞ്ഞു. തിങ്കളാഴ്ച വൈകീട്ടുതന്നെ പതഞ്ജലി ആയൂര്‍വേദ് ലിമിറ്റഡിന്റെ എംഡി ആചാര്യ ബാലകൃഷ്ണ ട്വിറ്ററില്‍ കോവിഡ് മരുന്നിന്റെ വരവറിയിച്ചിരുന്നു. 545 രൂപയാണ് കോറോണില്‍ കിറ്റിന്റെ വില.

മൂന്നുദിവസം കൊണ്ട് 69 ശതമാനം രോഗികളും സുഖപ്പെട്ടതായി ബാബാരാംദേവ് പുറത്തിറക്കല്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. ഒരാഴ്ച കൊണ്ട് 100 ശതമാനവും രോഗവുമുക്തി നേടാമെന്നാണ് അദ്ദേഹം പറയുന്നത്. ന്യൂസ് എജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയൂര്‍വേദിക്സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം.  ഹരിദ്വാറിലെ പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ജെയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved