
മുംബൈ: കൊവിഡ് മഹാമാരിയില്‍ രാജ്യത്തെ സമ്പദ് രംഗം നട്ടംതിരിയുകയാണ്. വ്യാപാര വ്യവസായങ്ങള്‍ പുനരാരംഭിച്ചെങ്കിലും കമ്പനികള്‍ നിലയില്ലാക്കയത്തില്‍ താഴുന്നു. പുതിയ ഇന്ത്യാ റേറ്റിങ്സ് ആന്‍ഡ് റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം ഇത്തവണ കോര്‍പ്പറേറ്റ് കടം കുതിച്ചുയരും. സ്വകാര്യ മേഖലയില്‍ 1.67 ലക്ഷം കോടി രൂപയുടെ അധിക കടബാധ്യതയാണ് 2021-22 സാമ്പത്തിക വര്‍ഷം പ്രവചിക്കുന്നത്.
ഉയര്‍ന്ന കോര്‍പ്പറേറ്റ് ചെലവുകളും കുറഞ്ഞ വരുമാനവും മുന്‍നിര്‍ത്തി ക്രെഡിറ്റ് വളര്‍ച്ച പരിമിതപ്പെടും. സ്വകാര്യ മേഖലയില്‍ ഇപ്പോള്‍ പ്രവചിച്ചിരിക്കുന്ന 1.67 ലക്ഷം കോടി രൂപയുടെ അധിക ബാധ്യത മുന്‍പ് കണക്കാക്കിയ 2.54 ലക്ഷം കോടി രൂപയ്ക്ക് പുറമെയാണ്. ചുരുക്കത്തില്‍ അടുത്തസാമ്പത്തിക വര്‍ഷം മൊത്തം കടം 4.21 ലക്ഷം കോടി തൊടും.
വിപണിയില്‍ നിന്നും നിക്ഷേപകര്‍ പിന്തിരിഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് മേലുള്ള സമ്മര്‍ദ്ദം 1.68 ലക്ഷം കോടി രൂപയായി ഉയരാം. ഇതോടെ 2021-22 വര്‍ഷം മൊത്തം കോര്‍പ്പറേറ്റ് കടബാധ്യത 5.89 ലക്ഷം കോടി രൂപയില്‍ എത്തിനില്‍ക്കും. തത്ഫലമായി കുടിശ്ശിക കണക്കുകളില്‍ ക്രെഡിറ്റ് ചിലവുകള്‍ 4.82 ശതമാനം ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
ഇതേസമയം, ജിഡിപി വളര്‍ച്ചാ നിരക്ക് കൂടുതല്‍ വെട്ടിക്കുറച്ചാലും കോര്‍പ്പറേറ്റ് ബാധ്യതയില്‍ മാറ്റമുണ്ടാകില്ലെന്ന് ഇന്ത്യാ റേറ്റിങ് ഏജന്‍സി അറിയിക്കുന്നു. എന്നാല്‍ കൊവിഡ് വ്യാപനവും കൈക്കൊള്ളുന്ന നയങ്ങളും സമ്പദ്ഘടനയെ സ്വാധീനിക്കുമെന്ന് ഏജന്‍സി പറയുന്നുണ്ട്.
നേരത്തെ, ഇന്ത്യയുടെ 2020-21 വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉത്പാദനം 5.3 ശതമാനം ഇടിയുമെന്ന് ഇന്ത്യാ റേറ്റിങ്സ് പ്രവചിച്ചിരുന്നു. കണക്കുകള്‍ വിലയിരുത്തുമ്പോള്‍ 1979-80 കാലത്ത്് കുറിച്ചതിനെക്കാള്‍ മോശമായിരിക്കും നടപ്പു സാമ്പത്തിക വര്‍ഷത്തെ ചിത്രം. എന്നാല്‍ 2021-22 വര്‍ഷം വളര്‍ച്ച ആറ് ശതമാനം തൊടുമെന്നും ഏജന്‍സി പ്രവചിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ മൊത്തം ധനക്കമ്മി 7.6 ശതമാനത്തില്‍ എത്തിനില്‍ക്കും. സാമ്പത്തിക മാന്ദ്യം പിടിമുറുക്കുമെന്ന സൂചനയ്ക്ക് പിന്നാലെ കൊവിഡ് മഹാമാരിയും വ്യാപിച്ചത് രാജ്യത്തെ സമ്പദ്ഘടന താറുമാറാക്കി. വൈറസ് വ്യാപനം തടയാന്‍ രാജ്യം സമ്പൂര്‍ണമായി അടച്ചിട്ടതും വ്യാപാരങ്ങളെ സാരമായി ബാധിച്ചു.