ഇന്ത്യ സാക്ഷ്യം വഹിക്കുന്നത് V ഷേപ്പിലുള്ള സാമ്പത്തിക തിരിച്ചുവരവിനെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

September 05, 2020 |
|
News

                  ഇന്ത്യ സാക്ഷ്യം വഹിക്കുന്നത് V ഷേപ്പിലുള്ള സാമ്പത്തിക തിരിച്ചുവരവിനെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്  V ഷേപ്പിലുള്ള സാമ്പത്തിക തിരിച്ചുവരവിനാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ സാമ്പത്തിക രംഗത്ത് 23.9 ശതമാനം ഇടിവ് സംഭവിച്ച ജൂണ്‍  പാദത്തിലെ കാര്യം വിശദീകരിച്ച മന്ത്രി, രാജ്യത്ത് നടപ്പിലാക്കിയ ശക്തമായ ലോക്ക്ഡൗണ്‍ കാരണമാണ് ഇത് സംഭവിച്ചതെന്ന് ചൂണ്ടികാണിച്ചു.

കൊറോണ വൈറസ് വ്യാപനത്തിന് ശേഷമുള്ള പാദത്തില്‍ സാമ്പത്തിക രംഗത്ത് ഏറ്റവും ഇടിവ് സംഭവിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഏപ്രില്‍ മുതല്‍ ജൂണ്‍ പാദത്തിലെ സാമ്പത്തിക രംഗത്തെ ഇടിവ് നാം കൊറോണ വൈറസിനെ നിയന്ത്രിക്കാന്‍ നടപ്പിലാക്കിയ ശക്തമായ ലോക്ക്ഡൗണിന്റെ ഫലമാണ്. ഇന്ത്യയാണ് ലോകത്ത് തന്നെ ഏറ്റവും ശക്തമായ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയത് എന്നാണ് ധനമന്ത്രി ഓഗസ്റ്റിലെ മാസാന്ത്യ സാമ്പത്തിക അവലോകനത്തില്‍ പറയുന്നത്.

അമേരിക്കയില്‍ 9.1, യുകെയിലും ഫ്രാന്‍സിലും 21.7 ഉം, 18.9ഉം, സ്‌പെയിന്‍, ഇറ്റലി, ജര്‍മ്മനി എന്നിവിടങ്ങളില്‍ യഥാക്രമം 22.1, 17.7,11.3 എന്നിങ്ങനെയുമാണ് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക രംഗത്തുണ്ടായ ഇടിവ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ഇടിവിന്റെ ശരാശരി 15 ശതമാനമാണ്. ജപ്പാനില്‍ ഇത് 9.9 ശതമാനമാണ്.

ഇതാണ് ഇന്ത്യയില്‍ എത്തുമ്പോള്‍ 23.9 ശതമാനം ഇടിവായി മാറുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ ശക്തമായി നടപ്പിലാക്കിയതിനാല്‍ കൊറോണ വൈറസ് മൂലമുള്ള രാജ്യത്തെ മരണനിരക്ക് കുറവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓഗസ്റ്റ് 31ലെ കണക്ക് പ്രകാരം ഇന്ത്യയിലെ കൊവിഡ് മരണ നിരക്ക് 1.78 ശതമാനമാണ്.

ഓഗസ്റ്റിലെ മാസാന്ത്യ സാമ്പത്തിക അവലോകന പ്രകാരം ഇന്ത്യ V ഷേപ്പിലുള്ള സാമ്പത്തിക തിരിച്ചുവരവ് നടത്തുമെന്നാണ് പറയുന്നത്. ഇതിനുള്ള നിരവധി സൂചകങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം കാണിക്കുന്നുവെന്നാണ്  ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നത്.

വാഹന വില്‍പ്പന, ട്രാക്ടര്‍ വില്‍പ്പന, വളങ്ങളുടെ വില്‍പ്പന, റെയില്‍വേയുടെ ചരക്ക് ഗതാഗതം, ഉരുക്ക് വില്‍പ്പനയും ഉത്പാദനവും, സിമന്റ് ഉത്പാദനം, വൈദ്യുതി ഉപയോഗം, ഇ-വേ ബില്ലുകള്‍, ജിഎസ്ടി വരുമാനം, ടോള്‍ പിരിവ്, റീട്ടെയില്‍ പണമിടപാടുകള്‍, പ്രധാന വ്യവസായങ്ങളുടെ പ്രകടനം, മൂലധനത്തിന്റെ ഒഴുക്ക്, കയറ്റുമതി എന്നീ ഘടകങ്ങളാണ് സാമ്പത്തിക വളര്‍ച്ചയുടെ സൂചനകള്‍ നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Related Articles

© 2025 Financial Views. All Rights Reserved