
ന്യൂഡല്‍ഹി: 8100 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ രാജ്യം വിട്ട സ്റ്റെര്‍ലിംഗ് ബയോടെക് ഗ്രൂപ്പ് ഉടമകളെ പിടികൂടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റിന് 21 രാജ്യങ്ങളുടെ സഹായം തേടാന്‍ ഡല്‍ഹി കോടതിയുടെ അനുമതി ലഭിച്ചു. അന്വേഷണത്തിനായി ബ്രിട്ടന്‍, യുഎഇ തുടങ്ങി 21 രാജ്യങ്ങളിലേക്ക് റോഗേറ്ററി ലെറ്റര്‍ അയക്കാനും കോടതി അനുമതി നല്‍കി. ഇതോടെ വായ്പയെടുത്ത് മുങ്ങിയ പ്രതികളെ പിടികൂടാന്‍ അന്വേഷണ ഏജന്‍സികള്‍ ഊര്‍ജിതമായ ശ്രമങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നതിനുള്ള കത്തിനെയാണ് റോഗേറ്ററി ലെറ്റര്‍ എന്ന് പറയുന്നത്.
ഗുജറാത്തിലെ വഡോദര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിംഗ് ബയോടെക് ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാരായ നിഥിന്‍ സന്‍ദേര, ചേതന്‍ സന്‍ദേര, ദിപ്തി സന്‍ദേര, ഹിതേഷ് സന്‍ദേര എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചിരുന്നത്.
കമ്പനി ഉടമകള്‍ക്കെതിരെ യുഎഇ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ വേണ്ടിയാണ് അനുമതി നല്‍കിയത്. വിവിധ കമ്പനികളുടെ പേരില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് കമ്പനി ഉടമ വായ്പ എടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ടത്. കള്ളപ്പണ നിരോധന നിയമ പ്രകാരം 5000 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകിട്ടാനുള്ള ശ്രമമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. അതേസമയം ആന്ത്രാ ബാങ്കില്‍ നിന്ന് 5000 കോടി രൂപ കമ്പനി അധികൃതര്‍ വായ്പ എടുത്തിട്ടുണ്ട്. ഇതില്‍ വായ്പയുടെ ആകെ വരുന്ന തുകയാണ് 8100 കോടി രൂപ.