കൊവാക്‌സിന്‍ ഉത്പാദനം വെട്ടിച്ചുരുക്കി ഭാരത്ബയോടെക്

April 02, 2022 |
|
News

                  കൊവാക്‌സിന്‍ ഉത്പാദനം വെട്ടിച്ചുരുക്കി ഭാരത്ബയോടെക്

രാജ്യത്ത് കൊവാക്‌സിന്‍ ഉത്പാദനം കുറയ്ക്കാന്‍ ഒരുങ്ങി ബയോടെക്‌നോളജി കമ്പനിയായ ഭാരത്ബയോടെക്ക്. താല്‍ക്കാലികമായിയാണ് വിവിധ നിര്‍മാണ കേന്ദ്രങ്ങളിലെ കൊവാക്‌സിന്‍ ഉത്പാദനം കുറയ്ക്കുന്നത് എന്ന് കമ്പനി വിശദീകരിച്ചു. എന്നാല്‍ ഡിമാന്‍ഡ് കുറയുന്നത് മുന്നില്‍ കണ്ട് കൂടെയാണ് ഉത്പാദനം കുറയ്ക്കുന്നത് എന്നാണ് സൂചന.

വിവിധ ഏജന്‍സികളുമായുള്ള വിതരണ കരാറുകള്‍ പൂര്‍ത്തിയാക്കിയതാണ് മറ്റൊരു കാരണം. വരും മാസങ്ങളില്‍ നിര്‍മാണ കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണികള്‍, സൗകര്യ വികസനം പ്രോസസിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കൊവിഡ് മൂലം പൊതുജനാരോഗ്യ രംഗത്തെ അടിയന്തരാവസ്ഥയെ നേരിടാന്‍, കഴിഞ്ഞ വര്‍ഷം കമ്പനി തുടര്‍ച്ചയായി കൊവാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ചിരുന്നു. നിലവിലുള്ള എല്ലാ സൗകര്യങ്ങളും കൊവാക്‌സിന്‍ നിര്‍മ്മാണത്തിനായി നീക്കി വയ്ക്കുകയായിരുന്നു.

കൊവിഡ് വാക്‌സിന്‍ നിര്‍മാണം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ചില അത്യാധുനിക സംവിധാനങ്ങള്‍ കൊവിഡ് വ്യാപന സമയത്ത് ഭാരത് ബയോടെക്കില്‍ ലഭ്യമായിരുന്നില്ല. ലോകാരോഗ്യ സംഘടനയുടെ പരിശോധനയില്‍, ഭാരത് ബയോടെക് ഇത് സമ്മതിക്കുകയും സംവിധാനം മെച്ചപ്പെടുത്താന്‍ പ്രായോഗികമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഉടന്‍ നിലവിലെ സംവിധാനത്തിലെ അപാകതകള്‍ പരിഹരിച്ചേക്കും.

അതേസമയം കൊവാക്‌സിന് മാറ്റങ്ങള്‍ വരുത്തുന്നതായി പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ ലോകാരോഗ്യ സംഘടനയ്ക്ക് ലഭ്യമായ ഡാറ്റ പ്രകാരം വാക്‌സിന്‍ ഫലപ്രദമാണെന്നും സുരക്ഷാ ആശങ്കകള്‍ നിലവിലില്ലെന്നുമാണ് സൂചന. കൊവാക്‌സിന്‍ നിലവില്‍ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള മരുന്നുകളുടെ കീഴിലാണ് എന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ഡോസ് കൊവാക്‌സിന്‍ ആണ് വിതരണം ചെയ്തത്. ക്ലിനിക്കല്‍ ട്രയലില്‍ ഉള്‍പ്പെടെ വാക്‌സിന്‍ മികച്ച സുരക്ഷയും കാര്യക്ഷമതയും പ്രകടിപ്പിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved