ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഇസാഫ്; വൈദ്യപരിശോധന സൗകര്യവുമായി ബന്ധു ക്ലിനിക്ക്; പദ്ധതി ഇസാഫും നാഷണല്‍ ഹെല്‍ത്ത് മിഷനും കൈകോർത്ത്

April 08, 2020 |
|
News

                  ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഇസാഫ്; വൈദ്യപരിശോധന സൗകര്യവുമായി ബന്ധു ക്ലിനിക്ക്; പദ്ധതി ഇസാഫും  നാഷണല്‍ ഹെല്‍ത്ത് മിഷനും കൈകോർത്ത്

കൊച്ചി: കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ കഴിയാതെ മുറികള്‍ക്കുള്ളില്‍ കഴിയേണ്ടി വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വൈദ്യപരിശോധന സൗകര്യമൊരുക്കി ആദ്യത്തെ മൊബൈല്‍ ക്ലിനിക്ക് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെയും സി.എം.ഐ.ഡി യുടെയും സഹകരണത്തോടെ വിവിധയിടങ്ങളില്‍ സേവനം നല്‍കിവരുന്നു. 'ബന്ധു ക്ലിനിക്ക്' എന്ന പേരില്‍ സഞ്ചരിക്കുന്ന വാഹനമാണ് ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ കീഴില്‍ എറണാകുളത്ത് പര്യടനം നടത്തുന്നത്. ക്ലിനിക്കിന്‍റെ ദൈനംദിന ചെലവുകൾ വഹിക്കുന്നത് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കാണ്.

തൃശ്ശൂര്‍ അവണൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനുമായി സഹകരിച്ച് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. തൃശ്ശൂര്‍ ഒല്ലൂക്കര കമ്യൂണിറ്റി കിച്ചനിലേക്കും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു. അതുപോലെ വിയ്യൂര്‍ പോലീസ് സ്റ്റേഷനുമായി സഹകരിച്ച് മടക്കത്തറയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷ്യ കിറ്റുകള്‍ നൽകിയിട്ടുണ്ട്.  ഇതിന് വിയ്യൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജീവ് കുമാര്‍ ജെ.എസ്, സബ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് ഡി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മണികണ്ഠൻ കെ എന്നിവര്‍ നേതൃത്വം വഹിച്ചു. ആശ വര്‍ക്കർമാരും മടക്കത്തറയിലെ നിര്‍ഭയ വോളന്‍റിയര്‍മാരും വിതരണത്തിന് സഹായിച്ചു.

തൊഴിലാളികള്‍ക്ക് വിനോദ സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായി ഇസാഫ് ആലുവ റൂറല്‍ എസ്.പി കെ. കാര്‍ത്തിക് ഐ. പി. എസിന്‍റെ സഹകരണത്തോടെ പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ ടിവികളും  അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു.

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി നിരവധി സഹായ പദ്ധതികള്‍ ഇസാഫ് നടപ്പിലാക്കുന്നുണ്ട്. വര്‍ഷങ്ങളായി ഇസാഫ് അന്യസംസ്ഥാന തൊഴിലാളികൾക്കു വേണ്ടി 'ഗര്‍ഷോം' എന്ന 'ബാങ്കിങ്ങ് ഉള്‍പ്പെടുത്തല്‍' പദ്ധതി ചെയ്യുന്നുണ്ട് എന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡി യും സി.ഇ ഒ യുമായ കെ. പോള്‍ തോമസ് പറഞ്ഞു.

ഗ്രാം വികാസിന്‍റെയും സി.എം.ഐ.ഡി യുടെയും  സഹകരണത്തോടെ ഇസാഫ് ബന്ധു ഹെല്‍പ് ലൈന്‍ ഡെസ്ക് രൂപീകരിച്ചിട്ടുണ്ട്. ഭക്ഷണം, താമസം, വൈദ്യ സഹായം എന്നിവയുടെ ആവശ്യങ്ങള്‍ക്കായി ആര്‍ക്കും ഹെല്‍പ് ലൈനുമായി ബന്ധപ്പെടാം. തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, അസ്സാമീസി എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ സഹായത്തിനുണ്ടാകും. ഇതിനോടകം തന്നെ 300ല്‍ അധികം അന്വേഷണങ്ങള്‍ വന്നു കഴിഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved