
ലഘു സമ്പാദ്യ പദ്ധതികളില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിവരെ നിക്ഷേപമായെത്തിയത് 1.17 ലക്ഷം കോടി രൂപ. താഴ്ന്ന വരുമാനക്കാര്‍ കാര്യമായിതന്നെ ആശ്രയിക്കുന്ന പദ്ധതികളിലാണ് നിക്ഷേപം വന്‍തോതില്‍ ഒഴുകിയെത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യപകുതിയിലെത്തിയ നിക്ഷേപത്തിന്റെ 25ശതമാനത്തോളം അധികമാണിത്. അഞ്ചുവര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ 130ശതമാനത്തോളവുമാണ് വര്‍ധന.
പൊതുജീവിതത്തെ അസാധാരണമാംവിധം കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് നിക്ഷേപ കണക്കിന്റെ പ്രസക്തി. കര്‍ഷകര്‍, മുതിര്‍ന്ന പൗന്മാര്‍, പെണ്‍കുട്ടികള്‍, ശമ്പള വരുമാനക്കാര്‍, തൊഴിലാളികള്‍ എന്നവര്‍ക്കെല്ലാമുള്ള പദ്ധതികളിലാണ് കാര്യമായ നിക്ഷേപമെത്തിയത്. സാധാരണക്കാരും മധ്യവര്‍ഗക്കാരും ആശ്രയിക്കുന്ന നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ എന്നിവയിലെല്ലാം കാര്യമായി നിക്ഷേപമെത്തി.
ശമ്പള വരുമാനക്കാരുടെ ജനകീയ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്)ലാണ് റെക്കോഡ് നിക്ഷേപമെത്തിയത്. 20,000 കോടിയിലേറെയാണ് നിക്ഷേപം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ശരാശരിയെടുക്കുകയാണെങ്കില്‍ 46ശതമാനമാണ് വര്‍ധന. ബാങ്ക് നിക്ഷേപത്തേക്കാള്‍ താരതമ്യേന ഉയര്‍ന്ന പലിശ നല്‍കുന്നവയാണ് ലഘു സമ്പാദ്യ പദ്ധതികള്‍. കോവിഡ് വ്യാപനത്തെതുടര്‍ന്ന് റിപ്പോ നിരക്കുകള്‍ ഉള്‍പ്പടെയുള്ളവ കുറച്ചപ്പോള്‍ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയിലും കാര്യമായ ഇടിവുണ്ടായി. എന്നിട്ടും നിക്ഷേപകരുടെ ഇഷ്ട പദ്ധതികളായി ഇവ ഇപ്പോഴും തുടരുകയാണ്.