
തിരുവനന്തപുരം: ലോക്ക് ഡൗണിനെത്തുടർന്ന് വിപണിയിൽ ഇന്ന് വൻ വിലക്കയറ്റം. ഒറ്റദിവസം കൊണ്ട് ഉളളിക്ക് 40 രൂപയാണ് കൂടിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള മൊത്ത വിതരണക്കാർ വില കൂട്ടിയതാണ് ചില്ലറവിപണിയിലും വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഉളളി വിലയാണ് ഏറ്റവും പൊളളിക്കുന്നത്. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 60 രൂപയായിരുന്നു. ഇപ്പോൾ 100 മുതൽ 110 വരെയാണ് ഈടാക്കുന്നത്. സവാള കിലോയ്ക്ക് 30 രൂപയായിരുന്നത് 40 ആയി. അതുപോലെ ഉരുളക്കിഴങ്ങ് 28 ൽ നിന്നും 40 ആയി ഉയർന്നു. തക്കാളിക്കും വില ഇരട്ടിയായി. 20 രൂപയിൽ നിന്ന് 40. ബീൻസ്, പച്ചമുളക് എന്നിവയ്ക്കും വില വലിയതോതിൽ കൂടിയിട്ടുണ്ട്.
ലോക്ഡൗൺ ആണെങ്കിലും തിരുവനന്തപുരം ചാല മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. ഏറെക്കാലം കേടുകൂടാതിരിക്കുന്ന പച്ചക്കറികൾ കൂടുതൽ വാങ്ങിക്കൂട്ടുകയാണ് ആളുകൾ. ഉള്ളി, സവാള എന്നിവയും ഉരുളക്കിഴങ്ങുമൊക്കെയാണ് ആളുകൾ ഏറെ വാങ്ങി വയ്ക്കുന്നത്. വില കൂടുന്നതിനുള്ള മറ്റൊരു കാരണവുമിതാണ്.
തമിഴ്നാട്ടിൽ നിന്നുമുളള ലോഡുകൾ വരുന്നത് കുറഞ്ഞു. അതേസമയം മൊത്തവിൽപനക്കാർ വില കൂട്ടിയതിനാൽ മറ്റ് വഴിയില്ലെന്നാണ് ചില്ലറ വിൽപ്പനക്കാരുടെ വാദം. ലോക്ക്ഡൗണിന്റെ പ്രത്യാഘാതം വിപണിയിലും പ്രതിഫലിച്ചു തുടങ്ങി. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന് തീർച്ച.
അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് പല തവണ സർക്കാർ ആവർത്തിച്ച് പറഞ്ഞിട്ടും വിപണിയിൽ ഇതൊന്നും കാണുന്നില്ല എന്നതാണ് സത്യം. അതിർത്തി കടന്ന് വരുന്ന പച്ചക്കറികളുടെ വില നിയന്ത്രിക്കാനുള്ള എന്ത് നടപടി സർക്കാർ സ്വീകരിക്കും എന്നതാണ് കാണേണ്ടത്. ഹോർട്ടികോർപ്പുമായി സഹകരിച്ച് പച്ചക്കറികൾ വീട്ടിലെത്തിക്കാനുള്ള പദ്ധതികളും സർക്കാർ ത്വരിതപ്പെടുത്തേണ്ടി വരും.