
സുരക്ഷിതമായ വരുമാനമുള്ള ഭവന വായ്പക്കാര്‍ക്ക് റിസര്‍വ് ബാങ്കിന്റെ ആശ്വാസ പ്രഖ്യാപനം. ഭവന വായ്പയുടെ പലിശ കുറയ്ക്കാനുള്ള പ്രഖ്യാപനമാണ് വന്നിരിക്കുന്നത്. ഭവന വായ്പകളുടെ പലിശ നിരക്ക് 40 ബേസിസ് പോയിന്റ് കുറച്ചതോടെ പലിശ 7 ശതമാനമായി കുറയും. 15 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന പലിശ നിരക്കാണിത്. കൂടാതെ, കൊവിഡ് -19 ലോക്ക്‌ഡൌണ്‍ കാരണം വരുമാന അനിശ്ചിതത്വം നേരിടുന്ന വായ്പക്കാര്‍ക്ക് മൂന്ന് മാസത്തെ അധിക മൊറട്ടോറിയവും ലഭിക്കും.
ഇതുവരെ മൊറട്ടോറിയം പ്രയോജനപ്പെടുത്താത്തതും എന്നാല്‍ ഇപ്പോള്‍ വരുമാന സമ്മര്‍ദ്ദം നേരിടുന്നതുമായ വായ്പക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് തിരിച്ചടവ് മാറ്റിവയ്ക്കാനാകും. 15 വര്‍ഷം ബാക്കി കാലാവധിയുള്ള 30 ലക്ഷം രൂപ വായ്പയ്ക്ക്, മൊത്തം അധിക പലിശ ഏകദേശം 2.34 ലക്ഷം രൂപയായിരിക്കും എട്ട് ഇഎംഐകള്‍ക്ക് തുല്യമാണിത്. പലിശനിരക്ക് കുറച്ചതിനാല്‍ ഈ ഭാരം ഒരു പരിധി വരെ കുറയ്ക്കാനാകും.
നിലവിലുള്ള വായ്പക്കാര്‍ക്ക്, എസ്ബിഐയുടെ ഭവനവായ്പയ്ക്ക് 30 ലക്ഷം രൂപ വരെയുള്ള പലിശ നിരക്ക് നിലവിലുള്ള 7.4 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറയും. 30 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് പലിശ 7.65 ശതമാനത്തില്‍ നിന്ന് 7.25 ശതമാനമായും 75 ലക്ഷത്തിന് മുകളിലുള്ള വായ്പയുടെ പലിശ 7.75 ശതമാനത്തില്‍ നിന്ന് 7.35 ശതമാനമായും കുറയും. വനിതാ വായ്പക്കാര്‍ക്ക് പലിശ നിരക്ക് അധികമായി 5 ബേസിസ് പോയിന്റ് കൂടി കുറയും.
ഭവന വായ്പാ നിരക്കിനെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച 2019 ഒക്ടോബര്‍ മുതല്‍ ഇതുവരെ പലിശ 1.4 ശതമാനം കുറഞ്ഞു. 2019 ഒക്ടോബറില്‍ 30 ലക്ഷം രൂപ വായ്പയുടെ ഇഎംഐ 22,855 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇഎംഐ 19,959 രൂപയായി കുറഞ്ഞു. 2,896 രൂപയുടെ കുറവാണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഭവന ധനകാര്യ കമ്പനികള്‍ക്കും ഭവനവായ്പ നിരക്കിനെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ബാങ്കുകള്‍ക്കും നിലവിലെ പലിശ കുറയ്ക്കല്‍ ബാധകമല്ല. എന്നിരുന്നാലും, മത്സരത്തിന്റെ അടിസ്ഥാനത്തില്‍, എച്ച്ഡിഎഫ്സി ഇതിനകം തന്നെ പലിശ നിരക്ക് 7.50 ശതമാനമായി കുറച്ചിട്ടുണ്ട്. നിരക്കുകളുടെ കൈമാറ്റം മെച്ചപ്പെടുത്തുന്നതിന് ഭവനവായ്പ ഉള്‍പ്പെടെയുള്ള വായ്പകളുടെ പലിശനിരക്ക് ഒരു ബാഹ്യ ബെഞ്ച്മാര്‍ക്ക് നിരക്കുമായി (ഇബിആര്‍) ബന്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. മിക്ക ബാങ്കുകളും റിപ്പോ നിരക്കാണ് അവരുടെ ഇബിആര്‍ ആയി തിരഞ്ഞെടുത്തിരിക്കുന്നത്.
മെയ് എട്ടിന്, എസ്ബിഐ പോലുള്ള ചില ബാങ്കുകള്‍ പുതിയ വായ്പക്കാര്‍ക്കുള്ള ഭവനവായ്പയുടെ പലിശ നിരക്ക് 20 ബിപിഎസ് വര്‍ദ്ധിപ്പിച്ചിരുന്നു. റിപ്പോ നിരക്കിനെ അപേക്ഷിച്ച് 7.05 ശതമാനമാണ് പലിശ ഏര്‍പ്പെടുത്തിയിരുന്നത്. ബെഞ്ച്മാര്‍ക്ക് നിരക്കിനേക്കാള്‍ കൂടുതലാണ് ഇത്. പകര്‍ച്ചവ്യാധി മൂലം വായ്പയെടുക്കുന്നവരുടെ ക്രെഡിറ്റ് റിസ്‌ക് വര്‍ദ്ധിച്ചുവെന്നും അതിനാല്‍ ബാങ്ക് റിസ്‌ക് പ്രീമിയം 20 ബിപിഎസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നുമാണ് എസ്ബിഐ വ്യക്തമാക്കിയത്.