ആഗോള പെന്‍ഷന്‍ ഫണ്ടുകള്‍ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ താത്കാലികമായി നിര്‍ത്തുന്നു; തീരുമാനം കൊറോണ പ്രതിസന്ധിയെത്തുടര്‍ന്ന്

May 13, 2020 |
|
News

                  ആഗോള പെന്‍ഷന്‍ ഫണ്ടുകള്‍ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ താത്കാലികമായി നിര്‍ത്തുന്നു; തീരുമാനം കൊറോണ പ്രതിസന്ധിയെത്തുടര്‍ന്ന്

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള തങ്ങളുടെ നിക്ഷേപ പദ്ധതികള്‍ ആഗോള പെന്‍ഷന്‍ ഫണ്ടുകള്‍ പുനഃപരിശോധിക്കുകയോ മരവിപ്പിക്കുകയോ ചെയ്യുകയാണെന്ന് റിപ്പോര്‍ട്ട്. കോവിഡ് 19 ആഗോള, പ്രാദേശിക സമ്പദ് വ്യവസ്ഥകള്‍ക്ക് സൃഷ്ടിച്ച ആഘാതം നിയന്ത്രിതമാകുന്നതു വരെയും വിപണികളിലെ ചാഞ്ചാട്ടങ്ങളും അനിശ്ചിതാവസ്ഥയും തങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ സൃഷ്ടിച്ച അസ്ഥിരാവസ്ഥ മാറുന്നതു വരെയും നിക്ഷേപങ്ങളില്‍ ജാഗ്രത പുലര്‍ത്താനാണ് ആഗോള പെന്‍ഷന്‍ ഫണ്ടുകളുടെ നീക്കം.

ഒന്റാറിയോ ടീച്ചേഴ്സ് പെന്‍ഷന്‍ പ്ലാന്‍ (ഒടിപിപി), കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് (സിപിപിഐബി), ഓസ്ട്രേലിയന്‍ സൂപ്പര്‍, കെയ്സെ ഡി ഡെപാറ്റ് എറ്റ് പ്ലെയ്സ്മെന്റ് ഡു ക്യുബെക്ക് (സിഡിപിക്യു) തുടങ്ങിയ പെന്‍ഷന്‍ ഫണ്ടുകള്‍ ഇന്ത്യയില്‍ നേരിട്ടോ, സ്വകാര്യ ഇക്വിറ്റി (പിഇ) വഴിയോ മറ്റ് ഫണ്ടുകളിലൂടെയോ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം നടത്തുന്നതിനായി പദ്ധതിയുള്ളവതാണ്. എന്നാല്‍ നിലവില്‍ ഇവര്‍ പദ്ധതികള്‍ നിര്‍ത്തിവെക്കുകയോ പുനര്‍വിചിന്തനം നടത്തുകയോ ചെയ്യുകയാണ്.

ഈ പെന്‍ഷന്‍ ഫണ്ടുകള്‍ ഇപ്പോള്‍ അവരുടെ ആഭ്യന്തര നിക്ഷേപങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എന്നാല്‍ ഇന്ത്യയ്ക്കായുള്ള തങ്ങളുടെ 'ദീര്‍ഘകാല' പദ്ധതികള്‍ തുടരുകയാണെന്ന് അവര്‍ പറയുന്നു. 'ഒന്റാറിയോ ടീച്ചേര്‍സിന്റെ ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമാണ് ഇന്ത്യ,' ഒടിപിപിയിലെ ഏഷ്യാ പസഫിക് റീജിയണല്‍ മാനേജിംഗ് ഡയറക്റ്റര്‍ ബെന്‍ ചാന്‍ പറഞ്ഞു. 'ഞങ്ങള്‍ ഹ്രസ്വകാല പ്രവണതകളും സമ്മര്‍ദങ്ങളും നിരീക്ഷിക്കുന്നു, എന്നാല്‍ ഭാവിയിലെ ആഗോള വളര്‍ച്ചയുടെ സിംഹഭാഗവും വടക്കേ അമേരിക്കയ്ക്ക് പുറത്തുനിന്നാണ് വരുന്നത് എന്നാണ് ഞങ്ങളുടെ ദീര്‍ഘകാല കാഴ്ചപ്പാട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് 19 ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കൂടുതല്‍ ദുര്‍ബലമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ ഇന്ത്യയിലെ നിക്ഷേപങ്ങളുമായി മുന്നോട്ടുപോകേണ്ടതില്ലെന്നാണ് മിക്ക പെന്‍ഷന്‍ ഫണ്ടുകളും കരുതുന്നത്. ചില പരമാധികാര വെല്‍ത്ത് ഫണ്ടുകളോട് പ്രതിസന്ധിയുടെ ഘട്ടത്തില്‍ അതതു സര്‍ക്കാരുകള്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത് സ്വാഭാവികമാണെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Related Articles

© 2024 Financial Views. All Rights Reserved