
അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ വര്‍ധനവുണ്ടായതിനാല്‍ ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് മാരുതി സുസുക്കി അറിയിച്ചു. ഓട്ടോ ഭീമനായ മാരുതി വിവിധ കാറുകളുടെ വില എത്ര വീതം വര്‍ദ്ധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വില വര്‍ദ്ധനവ് വിവിധ മോഡലുകളിലുടനീളം വ്യത്യാസപ്പെടുമെന്ന് പറഞ്ഞു.
നിര്‍മ്മാണ ചെലവുകളുടെ വര്‍ദ്ധനവ് കാരണം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കമ്പനിയുടെ വാഹനങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചു. അതിനാല്‍, 2021 ജനുവരിയിലെ വില വര്‍ധനയിലൂടെ മുകളില്‍ പറഞ്ഞ അധിക ചെലവിന്റെ സ്വാധീനം ഉപയോക്താക്കളിലേയ്ക്ക് കൈമാറേണ്ടത് അനിവാര്യമായിരിക്കുന്നതായി കമ്പനി വ്യക്തമാക്കി. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റെഗുലേറ്ററി ഫയലിംഗിലാണ് മാരുതി സുസുക്കി ഇക്കാര്യം അറിയിച്ചത്.
നിലവില്‍, ആള്‍ട്ടോ (2.99 ലക്ഷം രൂപ, എക്‌സ്‌ഷോറൂം) മുതല്‍ എക്‌സ്എല്‍ 6 (9.84 ലക്ഷം രൂപ, എക്‌സ്‌ഷോറൂം) വരെയുള്ള 14 കാറുകളാണ് മാരുതിയ്ക്ക് കീഴിലുള്ളത്. മാരുതി സുസുക്കി അടുത്തിടെ വിവിധ മോഡലുകളില്‍ ഡിസ്‌കൗണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസത്തിലെ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ നോക്കുമ്പോള്‍ കമ്പനി മൊത്തം 1,35,775 യൂണിറ്റ് പാസഞ്ചര്‍ വാഹന വില്‍പ്പന നടത്തി. ഇവയില്‍, മിനി, കോംപാക്റ്റ് കാറുകളെ വളരെയധികം ആശ്രയിക്കുന്ന ഉപവിഭാഗങ്ങളുടെ വില്‍പ്പന 5.1 ശതമാനം കുറഞ്ഞു. മൊത്തത്തില്‍, കാര്‍ നിര്‍മാതാക്കളുടെ വില്‍പ്പന 2020 നവംബറില്‍ 1.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.