
മുംബൈ: കൊവിഡ് -19 ലോക്ക്ഡൗണ്‍ മൂലമുണ്ടായ തടസ്സം തുടരുന്നതിനാല്‍ മരുന്ന് വില്‍പ്പന മെയ് മാസത്തില്‍ ഒമ്പത് ശതമാനം കുറഞ്ഞ് 10,342 കോടി രൂപയായി. പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ AIOCD-AWACS ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്. കൊവിഡ് പ്രതിസന്ധി ഐപിഎമ്മിനെ (ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ക്കറ്റിനെ) സാരമായി ബാധിച്ചു. മെയ് മാസത്തില്‍ നെഗറ്റീവ് വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്. ചില ചികിത്സാ മേഖലകളില്‍ പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങളുണ്ടെങ്കിലും (മൊത്തത്തില്‍) ഐപിഎം മെയ് മാസത്തില്‍ 8.9 ശതമാനം നെഗറ്റീവ് വളര്‍ച്ച തുടര്‍ന്നുവെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം പറഞ്ഞു.
കാര്‍ഡിയാക് കെയര്‍ മരുന്നുകളുടെ വില്‍പ്പന ഏപ്രില്‍ മാസത്തെക്കാള്‍ 3.9 ശതമാനം വര്‍ധിച്ചപ്പോള്‍ പ്രമേഹ രോഗത്തിനുളള മരുന്നുകളുടെ വില്‍പ്പന 1.1 ശതമാനം വര്‍ധിച്ചു. ചികിത്സാ മേഖലകളില്‍, ആന്റി-ഇന്‍ഫെക്റ്റീവുകളെയാണ് കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഏറ്റവും വലിയ ചികിത്സാ വിഭാഗമായ ആന്റി-ഇന്‍ഫെക്റ്റീവ് മരുന്നുകളുടെ വില്‍പ്പന അഞ്ചിലൊന്ന് കുറഞ്ഞ് 1,104 കോടി രൂപയായി. ഇതാണ് ആകെ വില്‍പ്പന ഇടിവിന് ഇടയാക്കിയ പ്രധാന കാരണം.
ഡോക്ടര്‍മാരുടെ സന്ദര്‍ശനത്തിലെ അപര്യാപ്തതയാണ് അണുബാധയ്ക്കുള്ള മരുന്ന് വില്‍പ്പന കുറയാന്‍ കാരണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കോവിഡ് -19 ലോക്ക്ഡൗണിനിടെ മിക്ക ആളുകളും വീട്ടില്‍ തന്നെ കഴിയുന്നതിനാല്‍ അണുബാധയ്ക്കുള്ള സാധ്യതയും കുറഞ്ഞതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.