
മുംബൈ: റേറ്റിംഗ് ഏജന്‍സിയായ എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് ടാറ്റ മോട്ടോഴ്‌സിന്റെ ഔട്ട്‌ലുക്ക് സ്ഥിരതയില്‍ നിന്ന് നെഗറ്റീവിലേക്ക് താഴ്ത്തി. കമ്പനിയുടെ പ്രകടനം പ്രതീക്ഷിച്ചതിലും മന്ദഗതിയിലായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ആഗോള ഓട്ടോമോട്ടീവ് വിപണിയില്‍ കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ തുടര്‍ച്ചയായ ആഘാതം അടുത്ത 12-24 മാസങ്ങളില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഉല്‍പ്പാദനത്തിലും വരുമാനത്തിലും പ്രതീക്ഷിക്കുന്ന വീണ്ടെടുക്കലിനെ തടസ്സപ്പെടുത്തുന്നുവെന്ന് എസ് ആന്റ് പി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
റേറ്റിംഗ് താഴ്ത്തിയതിനെ തുടര്‍ന്ന്, കമ്പനിയുടെ പ്രകടനത്തെക്കുറിച്ച് വ്യവസായ രംഗത്ത് ആശങ്ക വര്‍ധിച്ചതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത 12-18 മാസത്തേക്ക് ആഗോള വാഹന വിപണിയില്‍ വീണ്ടെടുക്കലിന്റെ വേഗത കുറയുന്നത് ടാറ്റ മോട്ടോഴ്‌സിനെയും അതിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) ഓട്ടോമോട്ടീവിനെയും ബാധിക്കുമെന്ന് ഒക്ടോബര്‍ 16 ന് മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസസ് പറഞ്ഞിരുന്നു.