
കോവിഡ് പ്രതിസന്ധി മൂലം നിക്ഷേപത്തിലുണ്ടാകുന്ന ഇടിവില്‍ കനത്ത ആശങ്കയോടെ സ്റ്റാര്‍ട്ടപ്പുകള്‍. പ്രമുഖ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളായ സ്‌നാപ്ഡീല്‍, സ്വിഗ്ഗി, ഓല, പേടിഎം, ഫളിപ്കാര്‍ട്ട്, സൊമാറ്റോ, ബൈജൂസ്, ഡ്രീം11, മേക്ക് മൈ ട്രിപ്പ്, പോളിസി ബസാര്‍, ഡല്‍ഹിവെറി എന്നിവ ചൈനീസ് നിക്ഷേപം നേടിയതിനിടെയാണ് സാധാരണ സ്റ്റാര്‍ട്ടപ്പുകള്‍ക്കു വിഷമതയേറുന്നത്.
2020 മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് ജൂണ്‍ പാദത്തില്‍ 116 ഡീലുകളിലായി 66 ശതമാനം ഇടിഞ്ഞ് ഒരു ബില്യണ്‍ ഡോളറായി. കോവിഡ് -19 സ്റ്റാര്‍ട്ടപ്പുകളെയും നിക്ഷേപകരെയും എത്രമാത്രം ബാധിച്ചു എന്നതിന്റെ സൂചനയാണ് ഇത്. ആദ്യ പാദത്തില്‍ 3 ബില്യണ്‍ ഡോളറായിരുന്നു സമാഹരിച്ചത്. 156 ഡീലുകളാണിതെന്ന് സ്റ്റാര്‍ട്ടപ്പ് ഡാറ്റാ ട്രാക്കറായ വെഞ്ച്വര്‍ ഇന്റലിജന്‍സില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.ഇതിനിടെയാണ് എഡ് ടെക് കമ്പനിയായ ബൈജുസ് മേരി മീക്കറിന്റെ ബോണ്ട് ക്യാപിറ്റലില്‍ നിന്ന് 100 മില്യണ്‍ ഡോളര്‍ സമാഹരിച്ച് മൂല്യം 10 ബില്യണ്‍ ഡോളറാക്കിയത്.
കോവിഡ് മാത്രമല്ല, ചൈനീസ് നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര തീരുമാനവും സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള പണമൊഴുക്കിന് തടസമായി. വിപണിയിലെ സാമ്പത്തിക ഞെരുക്കം മുതലെടുത്ത് ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ ചൈനീസ് സര്‍ക്കാരിന് നേരിട്ട് നിയന്ത്രണമുള്ള കമ്പനികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവന്നത്.
2019ല്‍ മാത്രം 390 കോടി ഡോളര്‍ (29,500 കോടി രൂപ) നിക്ഷേപം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ എത്തിയിരുന്നു. 2018ല്‍ എത്തിയത് 202 കോടി ഡോളറായിരുന്നു (15,300 കോടി രൂപ). ആരംഭഘട്ടത്തില്‍ നില്‍ക്കുന്ന സ്റ്റാര്‍ട്ടപ്പുകളാണ് ഈവര്‍ഷം ഇതുവരെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.20 ലക്ഷം ഡോളര്‍ വരെ മൂല്യമുള്ള നിക്ഷേപ ഇടപാടുകള്‍ 43 ശതമാനം ഇടിഞ്ഞ് 98 എണ്ണത്തിലൊതുങ്ങി. അതിനുമുകളില്‍ 2.50 കോടി ഡോളര്‍ വരെ മൂല്യമുള്ള ഇടപാടുകളില്‍ 26 ശതമാനം ഇടിവും നേരിട്ടു. 2.50 കോടി ഡോളറിനുമേല്‍ വരുന്ന ഇടപാടുകളില്‍ കാര്യമായ ഇടിവില്ല; ഈ വിഭാഗത്തില്‍ ജനുവരി-ജൂണില്‍ ഉണ്ടായത് 37 ഇടപാടുകളാണ്.