ഉല്‍പ്പാദനം പുനരാരംഭിക്കുന്നത് ഒരാഴ്ചത്തേക്ക് കൂടി നീട്ടിവെക്കും; പ്രഖ്യാപനവുമായി മാരുതി സുസുക്കി

May 10, 2021 |
|
News

                  ഉല്‍പ്പാദനം പുനരാരംഭിക്കുന്നത് ഒരാഴ്ചത്തേക്ക് കൂടി നീട്ടിവെക്കും; പ്രഖ്യാപനവുമായി മാരുതി സുസുക്കി

മുംബൈ: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഉല്‍പ്പാദനം പുനരാരംഭിക്കുന്നത് ഒരാഴ്ചത്തേക്ക് കൂടി നീട്ടിവെക്കാന്‍ മാരുതി സുസുക്കി. നേരത്തെ കാര്‍ ഉല്‍പ്പാദനം നിര്‍ത്തിവെച്ചെങ്കിലും മെയ് ഒമ്പതിന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഒരാഴ്ച കൂടി നീട്ടുന്നതായി കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്ലാന്റ് അടച്ചിടുന്നതായി കമ്പനി പ്രഖ്യാപിച്ചത്. ഈ കാലാവധി മെയ് ഒമ്പതിന് അവസാനിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം.

എന്നാല്‍ പുതിയ പ്രഖ്യാപനത്തിന് പിന്നിലുള്ള കാരണങ്ങളൊന്നും മാരുതി സുസുക്കി വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, കൊവിഡ് ഏറ്റവുമധികം ബാധിച്ചിട്ടുള്ള സംസ്ഥാനങ്ങളിലൊന്നായ ഹരിയാനയില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് മുമ്പ് സ്വന്തം തൊഴിലാളികളുടെ സുരക്ഷയ്ക്ക് മാരുതി മുന്‍ഗണന നല്‍കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യ സംരക്ഷണത്തിനും മെഡിക്കല്‍ മേഖലയ്ക്കാവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായാണ് മാസത്തിലെ ആദ്യ ഒമ്പത് ദിവസത്തേക്ക് ഹരിയാനയിലെ കമ്പനിയുടെ പ്ലാന്റുകളില്‍ കാറുകള്‍ ഉത്പാദിപ്പിക്കുന്നത് നിര്‍ത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. കൊവിഡ് ചികിത്സയ്ക്ക് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇത്. ദില്ലി-എന്‍സിആര്‍ മേഖലയിലെ ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് തങ്ങളുടെ ഫാക്ടറികളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന അളവില്‍ ഓക്‌സിജന്‍ ഉപയോഗിക്കാമെന്ന് കാര്‍ കമ്പനി വ്യക്തമാക്കിയിരുന്നു. കാറിന്റെ പാര്‍ട്ട്‌സ് നിര്‍മാണത്തിനനായി തങ്ങളുടെ പ്ലാന്റുകളില്‍ വളരെ വലിയ അളവില്‍ ഓക്‌സിജന്‍ ഉപയോഗിക്കുന്നുണ്ടെന്നും മാരുതി പറഞ്ഞു.

അതേ സമയം രാജ്യത്തുടനീളം നിലവിലുള്ള കോവിഡ് -19 നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലുള്ളതിനാല്‍ കാരണം കാറുകളുടെ ആവശ്യം കുറയുമെന്നും മാരുതി ഭയപ്പെടുന്നു. 2021 മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ മാരുതി സുസുക്കി ഉത്പാദനം 7 ശതമാനമെങ്കിലും കുറഞ്ഞുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുമ്പ് 1,72,433 യൂണിറ്റുകളാണ് മാരുതി ഉല്‍പ്പാദിപ്പിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 1,59,955 യൂണിറ്റുകളിലേക്ക് കുറഞ്ഞിട്ടുണ്ട്. അതിനാല്‍ ഉല്‍പ്പാദന ശേഷി കുറയ്ക്കുന്നതിനെക്കുറിച്ച് കാര്‍ നിര്‍മാതാക്കള്‍ ചിന്തിച്ചേക്കാമെന്നും നേരത്തെ സുസുക്കി ചെയര്‍മാന്‍ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും ലോക്ക്‌ഡൌണും കര്‍ഫ്യൂകളും നിലവിലുണ്ടെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം ചിലപ്പോള്‍ ഷോറൂമുകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടാകാമെന്നും ഓര്‍മിപ്പിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved