നോട്ട് നിരോധനത്തിന് പോലും സാധിക്കാത്തത് കൊറോണ സാധിച്ചു! കള്ളപ്പണ ഉപയോഗം ഗണ്യമായി കുറഞ്ഞു

November 07, 2020 |
|
News

                  നോട്ട് നിരോധനത്തിന് പോലും സാധിക്കാത്തത് കൊറോണ സാധിച്ചു! കള്ളപ്പണ ഉപയോഗം ഗണ്യമായി കുറഞ്ഞു

2016ലെ നോട്ട് നിരോധനത്തില്‍ സാധിക്കാത്ത കാര്യമാണ് ഇന്ത്യയില്‍ കൊവിഡ് -19 മഹാമാരി സാധിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടിലേയ്ക്ക് നീങ്ങുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് കൊറോണ കാലത്ത് ഉണ്ടായിരിക്കുന്നത്. ഇതോടെ കള്ളപ്പണത്തിന്റെ ഉപയോഗം രാജ്യത്ത് ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. 15000 പേരില്‍ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട കാര്യങ്ങളറിയാം.

കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിളിന്റെ സര്‍വേ പ്രകാരം, 2019 മുതല്‍ 2020 വരെ നോട്ട് ഇടപാടുകള്‍ക്ക് മുന്‍ഗണന നല്‍കുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞു. കാരണം കൊവിഡ് -19 മഹാമാരി ലോക്ക്‌ഡൌണ്‍ സമയത്ത് വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ ആളുകള്‍ കൂടുതലും ഓണ്‍ലൈന്‍ സ്റ്റോറുകളെ ആശ്രയിച്ചാണ് അവശ്യ സാധനങ്ങളും മറ്റും വാങ്ങിയിരുന്നത്. ഈ സമയത്ത് ഡിജിറ്റല്‍ പണമിടപാട് ആണ് ആളുകള്‍ തിരഞ്ഞെടുത്തത്.

ഇന്ത്യയിലെ 300 ജില്ലകളിലായി 15,000 വ്യക്തികളിലാണ് സര്‍വേ നടത്തിയത്. 2020ല്‍ 14% പൗരന്മാരും അവരുടെ പ്രതിമാസ അവശ്യ സാധനങ്ങളുടെ വാങ്ങലില്‍ 50-100 ശതമാനം വരെ ഓണ്‍ലൈനായി നടത്തിയതായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകളുടെ അളവ് വര്‍ദ്ധിക്കുക മാത്രമല്ല, ഇടപാടുകളുടെ രീതിയില്‍ പോലും മാറ്റങ്ങള്‍ വന്നതായി സര്‍വേ കണ്ടെത്തി.

വീട്ടു ജോലിക്കാര്‍ക്ക് ശമ്പളം നല്‍കുമ്പോഴോ പുറത്തു നിന്ന് ഭക്ഷണം കഴിക്കുമ്പോഴോ മാത്രമാണ് പലരും നോട്ട് ഉപയോഗിച്ചതെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചു. വാടക നല്‍കുമ്പോഴും വസ്തു വാങ്ങുമ്പോഴും വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോഴും പണം നല്‍കിയതായി 3% പേര്‍ മാത്രമാണ് വ്യക്തമാക്കിയത്. 7% ആളുകള്‍ കൈക്കൂലി പണമായി കൊടുത്തതായും അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ ഡിജിറ്റല്‍ പേയ്മെന്റുകളുടെ ഉപയോഗത്തില്‍ ഗണ്യമായ വര്‍ധനവിന് സാക്ഷ്യം വഹിച്ചതായി ലോക്കല്‍ സര്‍ക്കിള്‍സ് ചെയര്‍മാന്‍ സച്ചിന്‍ തപാരിയ പറഞ്ഞു. ഈ വര്‍ഷം ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച റിസര്‍വ് ബാങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നത്, ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റുകളുടെ എണ്ണം 3,434.56 കോടി രൂപയായി ഉയര്‍ന്നുവെന്നാണ്.

അഞ്ചു വര്‍ഷത്തിനുള്ളില്‍, ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടിന്റെ അളവില്‍ 55.1 ശതമാനവും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 15.2 ശതമാനവും വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബറില്‍ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകള്‍ 207 കോടി ഇടപാടുകളുമായി പുതിയ നാഴികക്കല്ല് പിന്നിട്ടതായി ലോക്കല്‍ സര്‍ക്കിള്‍ അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved