ജനത കര്‍ഫ്യൂ ദിനത്തില്‍ 709 ട്രെയിനുകള്‍ റദ്ദാക്കും; ഒപ്പം ഞായറാഴ്ചത്തെ 3700 സര്‍വീസുകളും

March 21, 2020 |
|
News

                  ജനത കര്‍ഫ്യൂ ദിനത്തില്‍ 709 ട്രെയിനുകള്‍ റദ്ദാക്കും; ഒപ്പം ഞായറാഴ്ചത്തെ 3700 സര്‍വീസുകളും

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച 'ജനത കര്‍ഫ്യൂ' ആചരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ 709 ട്രെയിനുകള്‍ റദ്ദാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ശനിയാഴ്ച തീരുമാനിച്ചു. 584 ട്രെയിനുകള്‍ പൂര്‍ണ്ണമായും ബാക്കി 125 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയതായിയാണ് വിവരം.

ഞായറാഴ്ച പുറപ്പെടാനിരുന്ന 3,700 പാസഞ്ചര്‍, ദീര്‍ഘദൂര മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെയെല്ലാം സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച ജനത കര്‍ഫ്യൂ ആചരിക്കാനുള്ള ആഹ്വാനത്തിന്റെ ഭാഗമായിയാണ് തീരുമാനം. റെയില്‍വേ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം രാജ്യത്തെ ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി 10 വരെ ഒരു പാസഞ്ചറോ എക്‌സ്പ്രസ് ട്രെയിനോ ഉണ്ടാകില്ല. 2400 ഓളം പാസഞ്ചര്‍ ട്രെയിനുകളും, 1300 എക്‌സ്പ്രസ് ട്രെയിനുകളും റദ്ദാക്കുന്നതാണ് ഈ നടപടി.

മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, സെക്കന്ദരാബാദ് എന്നിവിടങ്ങളിലെ സബ് അര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളില്‍ ചിലത് മാത്രമെ ഉണ്ടാകൂ എന്നും മെയില്‍ അല്ലെങ്കില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ രാവിലെ നാല് മണിക്ക് നിര്‍ത്തുമെന്നും റെയില്‍വേ സര്‍ക്കുലറില്‍ പറയുന്നു. അതേസമയം ഇതിനകം ട്രെയിനുകളില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന യാത്രക്കാര്‍ക്ക് ഈ തീരുമാനം യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്ന് റെയില്‍വേ ബോര്‍ഡ് എല്ലാ മേഖലാ മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved