ഇന്ത്യയുടെ വളര്‍ച്ചാപ്രവചനം വെട്ടിക്കുറച്ച് എസ്&പി; 9.8 ശതമാനമാക്കി ചുരുക്കി

May 06, 2021 |
|
News

                  ഇന്ത്യയുടെ വളര്‍ച്ചാപ്രവചനം വെട്ടിക്കുറച്ച് എസ്&പി; 9.8 ശതമാനമാക്കി ചുരുക്കി

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കോവിഡ് 19 സൃഷ്ടിച്ച് വന്‍ ഇടിവില്‍ നിന്നുള്ള വീണ്ടെടുപ്പിന്റെ ഭാഗമായി നടപ്പു സര്‍ഷം ഇന്ത്യ ഇരട്ടയക്ക വളര്‍ച്ച സ്വന്തമാക്കുമെന്ന മുന്‍ നിഗമനം തിരുത്തി എസ്&പി. പുതുക്കിയ നിഗമനം അനുസരിച്ച് 2021-22ല്‍ ഇന്ത്യ 9.8 ശതമാനം വളര്‍ച്ച സ്വന്തമാക്കുമെന്നാണ് യുഎസ് ആസ്ഥാനമായ റേറ്റിംഗ് ഏജന്‍സിയുടെ വിലയിരുത്തല്‍. മാര്‍ച്ചില്‍ പുറത്തിറക്കിയ നിഗമനത്തില്‍ 11 ശതമാനം വളര്‍ച്ചയായിരുന്നു പ്രതീക്ഷിച്ചിരുന്നത്.   

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് നിഗമനം തിരുത്തിയിട്ടുള്ളത്. സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തനങ്ങള്‍ പൂര്‍വ സ്ഥിതിയിലേക്കെത്തുന്നതും സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പദ്ധതികളും കണക്കിലെടുത്ത്, ഇന്ത്യ ഇരട്ടയക്ക വളര്‍ച്ച നേടുമെന്ന നിഗമനമാണ് ഒട്ടുമിക്ക ഏജന്‍സികളും നടത്തിയിരുന്നത്. എന്നാല്‍ ഏപ്രിലില്‍ പ്രതിദിന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ വാണിജ്യ-വ്യവസായ മേഖലകള്‍ വീണ്ടും ആശങ്കയിലേക്ക് നീങ്ങിയിരിക്കുകയാണ്.

'സുസ്ഥിരം' എന്ന കാഴ്ചപ്പാടോടു കൂടി ബിബിബി റേറ്റിംഗാണ് നിലവില്‍ എസ്&പി ഇന്ത്യക്ക് നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ധനസ്ഥിരി ഇപ്പോള്‍ തന്നെ സമ്മര്‍ദം അനുഭവിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 14 ശതമാനമായിരുന്നു സര്‍ക്കാരിന്റെ കമ്മി. അറ്റവായ്പാ ബാധ്യത ജിഡിപിയുടെ 90 ശതമാനത്തിന് മുകളിലാണെന്നും റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യ ഉപഭോഗത്തിലും നിക്ഷേപത്തിലും ഉണ്ടായിട്ടുള്ള ആഘാതം സമ്പദ് വ്യവസ്ഥയുടെ മറ്റ് മേഖലകളിലേക്കും ബാധിക്കുകയാണെന്നാണ് ഇപ്പോഴുള്ള നിഗമനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8 ശതമാനം ഇടിവ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved