സഹായവുമായി ടിക് ടോക്ക്; കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് 100 കോടി രൂപയുടെ സ്യൂട്ടുകളും മാസ്കുകളും സംഭാവന നൽകി

April 02, 2020 |
|
News

                  സഹായവുമായി ടിക് ടോക്ക്;  കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് 100 കോടി രൂപയുടെ സ്യൂട്ടുകളും മാസ്കുകളും സംഭാവന നൽകി

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് 100 കോടി രൂപയുടെ സഹായവുമായി ടിക് ടോക്ക്. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും 100 കോടി രൂപ വിലമതിക്കുന്ന നാല് ലക്ഷം സംരക്ഷിത ഹസ്മത് സ്യൂട്ടുകളും മാസ്കുകളുമാണ് ടിക് ടോക്ക് സംഭാവന നല്‍കിയത്.

രാജ്യത്തിന്റെ സുരക്ഷയ്ക്കായി സ്വന്തം ജീവന്‍ വെടിഞ്ഞ് അഹോരാത്രം പരിശ്രമിക്കുന്ന മെഡിക്കല്‍ രംഗത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സഹായികളുള്‍പ്പെടെയുള്ളവരുടെ സുരക്ഷാര്‍ത്ഥമാണ് ഇപ്പോള്‍ തങ്ങളുടെ സഹായമെന്നും ടിക് ടോക് വക്താവ് അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായങ്ങളെത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

രണ്ടാം ബാച്ച് 1,80,375 സ്യൂട്ടുകള്‍ ശനിയാഴ്ചയ്ക്ക് മുമ്പ് ഇന്ത്യയില്‍ എത്തിക്കും. തുടര്‍ന്നുള്ള ആഴ്ചകളില്‍ ബാക്കി 2,00,000 സ്യൂട്ടുകള്‍ ഘട്ടം ഘട്ടമായി എത്തിക്കുമെന്നാണ് ടിക് ടോക്ക് സര്‍ക്കാറിന് അയച്ച കത്തില്‍ പറയുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് അയച്ച കത്തില്‍ ടിക്ക് ടോക്ക് തലവന്‍ നിഖില്‍ ഗാന്ധി ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിന് സ്യൂട്ടുകള്‍ എത്തിക്കാനുള്ള അനുമതിയ്ക്ക് നന്ദി പറഞ്ഞു. യൂണിയന്‍ മിനിസ്ട്രി ഓഫ് ടെക്‌സ്റ്റൈല്‍സിന്റെ സഹായത്തോടെ ഈ മെഡിക്കല്‍ ഗിയറുകളെല്ലാം സുരകക്ഷിതമാണെന്ന് ബോധ്യപ്പെട്ടതിനുശേഷമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു ഇവ കൈമാറിയിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു.

കൊവിഡ് 19 വ്യാപിക്കുന്നത് തടയാന്‍ അവബോധവും വളര്‍ത്താന്‍ രാജ്യത്തുടനീളം വിവിധ കാമ്പെയ്‌നുകള്‍ ആരംഭിച്ചതായും ടിക് ടോക് അറിയിച്ചു. ഖര്‍ ബൈഠോ ഇന്ത്യ #GharBaithoIndia എന്ന ക്യാമ്പെയ്‌നും ടിക്ടോക് ഊര്‍ജിതമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഈ ക്യാമ്പെയ്‌നിലൂടെ ജനങ്ങളെ വീട്ടില്‍ ഇരിക്കാന്‍ പ്രേരിപ്പിക്കാനും വീട്ടിലെ സമയങ്ങള്‍ ആനന്ദപ്രദമാക്കാന്‍ കഴിയുന്നതായും ഈ സാമൂഹിക സംരംഭം പറയുന്നു. 250 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഏറ്റവും വലിയ വീഡിയോ ഷെയറിങ് ആപ്പാണ് ഇന്ത്യയില്‍ ടിക് ടോക്.

അതേസമയം ഡോക്ടര്‍മാര്‍ക്കുള്ള സ്യൂട്ടുകളും ഗ്ലൗസുകളുമടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത ദാരിദ്ര്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ടിക് ടോക്കിന്റെ സഹായം ചെറിയ ആശ്വാസമാകും. ചികിത്സ തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ സുരക്ഷാ ഉപകരണങ്ങളുടെ ദാരിദ്ര്യം അനുഭവപ്പെടുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved