
ന്യൂഡല്‍ഹി: കോവിഡിനെത്തുടര്‍ന്ന് രാജ്യത്തെ ഒരു കോടി ശമ്പളക്കാര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായെന്ന് വെളിപ്പെടുത്തല്‍. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സി.എം.ഇ.ഐ.) നടത്തിയ പഠനത്തിലാണ് വിലയിരുത്തല്‍. തൊഴില്‍ നഷ്ടത്തില്‍ 60 ശതമാനവും ഗ്രാമീണമേഖലയിലാണ്. വ്യവസായയൂണിറ്റുകളും ചെറുകിട-ഇടത്തരം സംരംഭങ്ങളും പ്രതിസന്ധി നേരിട്ടതാണ് ഇതിനുകാരണം. അവസരങ്ങള്‍ ഇല്ലാതായതോടെ തൊഴില്‍സേന കാര്‍ഷികമേഖലയിലേക്ക് തിരിഞ്ഞുതുടങ്ങി.
അതേസമയം, നഗരമേഖലയില്‍ സമ്മര്‍ദമേറിവരുന്നു. പൂട്ടുകയോ പൂട്ടേണ്ട അവസ്ഥയിലോ ആണ് മഹാരാഷ്ട്രയിലെ പകുതിയോളം ഫാക്ടറികള്‍. ഏപ്രില്‍ 11-ന് ഏഴുശതമാനമായിരുന്നു തൊഴിലില്ലായ്മ. ഇത് 7.4 ശതമാനമായി. ഗാര്‍ഹികവരുമാനക്കാര്‍ക്ക് 20 ശതമാനമാണ് നഷ്ടം. ഗ്രാമീണ വേതനം ഉയര്‍ത്താന്‍ കാര്യമായ നടപടിയുണ്ടായില്ലെങ്കില്‍ സ്ഥിതി രൂക്ഷമാവും.
മൂലധനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സര്‍ക്കാര്‍ പദ്ധതികളില്‍ ഏറെയും. അതുമിക്കവാറും വിദേശ കമ്പനികള്‍ക്കാണ് പ്രയോജനപ്പെടുക. ദിവസക്കൂലിക്കാര്‍ വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരാവുന്നു. കോവിഡിനുശേഷം 12 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നും സി.എം.ഇ.ഐ. വെളിപ്പെടുത്തി.