
ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ തിരിച്ചടി നേരിട്ട ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്കാണ് മൂന്നാം ഭാഗത്തില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. 11 പ്രഖ്യാപനങ്ങളാണ് ഇന്ന് നടത്തുന്നത്. ഇവയില്‍ എട്ടെണ്ണം അടിസ്ഥാന സൗകര്യ വികസനത്തിനായുള്ളതാണെന്നും അവര്‍ പറഞ്ഞു.
മൂന്ന് പ്രഖ്യാപനങ്ങള്‍ ഭരണരംഗത്തെ കാര്യക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുന്നതാണെന്നും ധനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലക്കാണ് ഇന്നത്തെ പ്രഖ്യാപനങ്ങള്‍. കൃഷിയെ ആശ്രയിച്ചാണ് ഇന്ത്യയിലെ ഭൂരിഭാഗം പേരും ജീവിക്കുന്നത്. ആഗോളതലത്തില്‍ ഇന്ത്യയെ മുന്നിലെത്തിക്കാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നുണ്ട്. രാജ്യത്ത് 85 ശതമാനം ചെറുകിട നാമമാത്ര കര്‍ഷകരാണുള്ളത്. രണ്ട് വര്‍ഷം വിതരണ ശൃംഖലയെ നിലനിര്‍ത്തി കാര്‍ഷിക മുന്നേറ്റത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിലും കര്‍ഷകരെ സഹായിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചതാണ്. 74300 കോടിയുടെ വാങ്ങലുകളാണ് ലോക്ക് ഡൗണ്‍ കാലത്ത് താങ്ങുവില അടിസ്ഥാനമാക്കി കേന്ദ്രം നടത്തിയത്. പിഎം കിസാന്‍ ഫണ്ട് വഴി 18700 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. 6400 കോടി പിഎം ഫസല്‍ ഭീമ യോജന വഴി നല്‍കിയെന്നും മന്ത്രി വിശദീകരിച്ചു.
കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് 25 ശതമാനം വരെ പാല്‍ ഉപഭോഗം കുറഞ്ഞു. 560 ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം സഹകരണ സംഘങ്ങള്‍ വഴി സംഭരിച്ചു. 111 കോടി ലിറ്റര്‍ പാല്‍ അധികമായി വാങ്ങാന്‍ 4100 കോടി ചെലവാക്കി. ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് രണ്ട് ശതമാനം പലിശ സബ്‌സിഡി പ്രഖ്യാപിച്ചു. മത്സ്യബന്ധന മേഖലയ്ക്കും സഹായം നല്‍കി. ചെമ്മീന്‍ കൃഷിക്കടക്കം പ്രധാന സഹായങ്ങള്‍ നല്‍കി. ഹാച്ചറികളുടെ രജിസ്‌ട്രേഷന് കൂടുതല്‍ സമയം നല്‍കി.
കാര്‍ഷിക മേഖലയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടിയുടെ പ്രഖ്യാപനം കേന്ദ്രമന്ത്രി നടത്തി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണത്തിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുക. കൂടുതല്‍ കോള്‍ഡ് ചെയിന്‍ സ്ഥാപിക്കും. ആഗോള തലത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സഹായകരമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്കായി പതിനായിരം കോടി രൂപയുടെ പദ്ധതി. അസംഘടിത മേഖലയിലെ രണ്ട് ലക്ഷം സംരംഭങ്ങള്‍ക്ക് ഇത് സഹായകരമാകും. സഹകരണ സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, മറ്റ് സംരംഭങ്ങള്‍ എന്നിവയ്ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാണ് തുക. യുപിയിലെ മാങ്ങ, ആന്ധ്രയിലെ മുളക്, തമിഴ്‌നാട്ടിലെ മരച്ചീനി തുടങ്ങിയ വിളകളുടെ കയറ്റുമതിക്ക് സഹായം ഒരുക്കാനാണ് നീക്കം. ഇവയെ ആഗോള ബ്രാന്റുകളാക്കി മാറ്റാനാണ് ശ്രമം.
മത്സ്യബന്ധന മേഖലയില്‍ 20000 കോടിയുടെ പദ്ധതി. 11000 കോടി സമുദ്ര മത്സ്യബന്ധനം, മത്സ്യ കൃഷിക്കായി നീക്കിവച്ചു. 70 ലക്ഷം ടണ്‍ എങ്കിലും ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ശ്രമം. മൃഗങ്ങളുടെ വായ, പാദ രോഗങ്ങള്‍ തടയാനായി 13343 കോടിയുടെ പദ്ധതി. രാജ്യത്തെ 53 കോടി വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കും. വാക്‌സിനേഷന്‍ നൂറ് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതുവരെ 1.5 കോടി പശുക്കള്‍ക്കും എരുമകള്‍ക്കും വാക്‌സിനേഷന്‍ നല്‍കിയെന്നും മന്ത്രി പറഞ്ഞു.
ആര്‍ക്കും പണം നേരിട്ട് നല്‍കാനുള്ള പദ്ധതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം 15000 കോടി തുക ക്ഷീരോല്‍പ്പാദന രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി മാറ്റിവെച്ചു. ഔഷധ സസ്യങ്ങളുടെ കൃഷിക്ക് നാലായിരം കോടിയുടെ പദ്ധതി. നാഷണല്‍ മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പദ്ധതി. പത്ത് ലക്ഷം ഹെക്ടര്‍ പ്രദേശത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാക്കും. 5000 കോടി അധിക വരുമാനം ഇതിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കും. ഗംഗ നദിയുടെ ഇരു കരകളിലുമായി 800 ഹെക്ടര്‍ ഭൂമിയില്‍ ഔഷധ ഇടനാഴി സൃഷ്ടിക്കും.
തേനീച്ച വളര്‍ത്തലിനായി 500 കോടി നീക്കിവയ്ക്കും. രണ്ട് ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കൃഷിക്കും അനുബന്ധ പശ്ചാത്തല വികസനത്തിനുമായാണ് തുക പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് വിതരണ ശൃംഖല തടസപ്പെട്ടത് തക്കാളി, ഉള്ളി കര്‍ഷകരെയെല്ലാം ബാധിച്ചു. അതിനാല്‍ തന്നെ കര്‍ഷകര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിപണിയിലെത്തിക്കുന്നതിനായി, ഗതാഗതത്തിന് 50 ശതമാനം സബ്‌സിഡി നല്‍കും. വിളകള്‍ സംഭരിച്ചുവെക്കാനുള്ള ചിലവിന്റെ 50 ശതമാനം സബ്‌സിഡി അനുവദിക്കും. ഇതിനായി 500 കോടി അനുവദിക്കും.
അവശ്യ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ടില്‍ ഭേദഗതി കൊണ്ടുവരും. പൂഴ്ത്തിവെയ്പ്പടക്കമുള്ള ഘട്ടങ്ങളില്‍ ഈ നിയമ പ്രകാരമാണ് നടപടിയെടുത്തിരുന്നത്. ഭക്ഷ്യ എണ്ണ, പയര്‍ വര്‍ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവ പൂഴ്ത്തിവെച്ചാല്‍ നടപടിയെടുക്കുന്നത് നിയന്ത്രിക്കും. ഭക്ഷ്യക്ഷാമം ഉണ്ടാവുക, പ്രകൃതിക്ഷോഭം, ദേശീയ ദുരന്തം എന്നിവയുണ്ടാകുമ്പോള്‍ മാത്രം ഇത്തരം വിളകളുടെ കാര്യത്തില്‍ പൂഴ്ത്തിവെയ്പ്പ് തടഞ്ഞാല്‍ മതിയെന്നാണ് ഭേദഗതി.
കര്‍ഷകര്‍ക്ക് ആര്‍ക്കൊക്കെ വിളകള്‍ വില്‍ക്കാമെന്നത് സംബന്ധിച്ച് പുതിയ നിയമം. വിള ലൈസന്‍സുള്ള ഭക്ഷ്യോല്‍പ്പാദന സംഘങ്ങള്‍ക്ക് മാത്രമേ ഇത് വില്‍ക്കാനാവൂ. ഈ തടസം നീക്കാനാണ് ശ്രമം. ഉയര്‍ന്ന വില നല്‍കുന്നവര്‍ക്ക് വിള നല്‍കാന്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതാവും പുതിയ നിയമം. ഇതോടെ കാര്‍ഷിക ഉല്പന്നങ്ങള്‍ കര്‍ഷകരുടെ ഇഷ്ടപ്രകാരം വില്‍ക്കാനാവും.