
കോവിഡിന് ശേഷം ഓരോ 30 മണിക്കൂറിലും ഒരു പുതിയ ശതകോടീശ്വരന്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. 2022ലെ വേള്‍ഡ് ഇക്കണോമിക് ഫോറം വാര്‍ഷിക സമ്മേളനത്തില്‍ ഓക്സ്ഫാം ഇന്റര്‍നാഷണലാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. മാത്രമല്ല, ഈ വര്‍ഷം ഓരോ 33 മണിക്കൂറിലും ദശലക്ഷക്കണക്കിന് ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴാനുള്ള സാധ്യതയുമുണ്ടെന്നും ഓക്സ്ഫാം അഭിപ്രായപ്പെട്ടു.
ദാവോസില്‍ പ്രോഫിറ്റിംഗ് ഫ്രം പെയിന്‍ എന്ന ശീര്‍ഷകത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അവശ്യവസ്തുക്കളുടെ വില അതിവേഗം ഉയരുന്നതിനാല്‍, ഭക്ഷ്യ-ഊര്‍ജ്ജ മേഖലകളിലെ ശതകോടീശ്വരന്മാര്‍ തങ്ങളുടെ സമ്പത്ത് ഓരോ രണ്ട് ദിവസത്തിലും ഒരു ബില്യണ്‍ ഡോളര്‍ വര്‍ധിപ്പിക്കുന്നതായി പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, ബിപി, ഷെല്‍, ടോട്ടല്‍ എനര്‍ജീസ്, എക്സോണ്‍, ഷെവ്റോണ്‍ എന്നീ അഞ്ച് ഊര്‍ജ്ജ കമ്പനികള്‍ ഒരുമിച്ച് ഓരോ സെക്കന്‍ഡിലും 2,600 ഡോളര്‍ ലാഭം നേടുന്നുണ്ട്. ഇപ്പോള്‍ ഭക്ഷ്യമേഖലയില്‍ 62 പുതിയ ശതകോടീശ്വരന്മാരുണ്ട്. ശ്രീലങ്ക മുതല്‍ സുഡാന്‍ വരെ, ആഗോള ഭക്ഷ്യവില റെക്കോര്‍ഡ് ഉയരത്തിലെത്തിയത് സാമൂഹികവും രാഷ്ട്രീയവുമായ പ്രക്ഷോഭത്തിന് കാരണമാകുമ്പോള്‍, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 60 ശതമാനവും കടക്കെണിയുടെ വക്കിലാണ്.
ഈ മഹാമാരി പുതിയ 40 ഫാര്‍മ ശതകോടീശ്വരന്മാരെ സൃഷ്ടിച്ചുവെന്നും, കൊവിഡ്-19 വാക്‌സിനായി കോടിക്കണക്കിന് ഡോളറിന്റെ പൊതു നിക്ഷേപങ്ങളുണ്ടായിട്ടും മോഡേണ, ഫൈസര്‍ തുടങ്ങിയ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷനുകള്‍ തങ്ങളുടെ കുത്തക നിയന്ത്രണത്തിലൂടെ ഓരോ സെക്കന്‍ഡിലും 1,000 ഡോളര്‍ ലാഭം നേടുന്നുവെന്നും ഓക്സ്ഫാം പറഞ്ഞു. പകര്‍ച്ചവ്യാധിയും തുടര്‍ന്നുള്ള ഭക്ഷ്യ-ഊര്‍ജ്ജ വിലകളിലെ കുത്തനെയുള്ള വര്‍ധനയും കോടീശ്വരന്മാര്‍ക്ക് ഒരു അനുഗ്രഹമാണ്. ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നിലവിലുള്ള ചെലവില്‍ താങ്ങാനാവാത്ത വര്‍ധനവാണ് നേരിടേണ്ടി വന്നിരിക്കുന്നതെന്ന് ഓക്സ്ഫാം ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗബ്രിയേല ബുച്ചര്‍ പറഞ്ഞു.
പകര്‍ച്ചവ്യാധിയുടെ കാലത്ത് ഓരോ 30 മണിക്കൂറിലും ഒരാള്‍ എന്ന നിരക്കില്‍ 573 പേര്‍ പുതിയ ശതകോടീശ്വരന്മാരായി മാറിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഈ വര്‍ഷം 263 ദശലക്ഷം ആളുകള്‍ കൂടി കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴുമെന്ന് കണക്കുകൂട്ടുന്നതായും ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ പറഞ്ഞു. കൊവിഡ്-19-ന്റെ ആദ്യ 24 മാസങ്ങളില്‍ ശതകോടീശ്വരന്മാരുടെ സമ്പത്ത് 23 വര്‍ഷത്തേക്കാള്‍ ഉയര്‍ന്നു. ലോകത്തിലെ ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് ഇപ്പോള്‍ ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 13.9 ശതമാനത്തിന് തുല്യമാണ്. ഇത് 2000 ലെ 4.4 ശതമാനത്തില്‍ നിന്ന് മൂന്നിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.