കോവിഡ് രണ്ടാം തരംഗം: തൊഴിലില്ലായ്മ രൂക്ഷം

April 30, 2021 |
|
News

                  കോവിഡ് രണ്ടാം തരംഗം: തൊഴിലില്ലായ്മ രൂക്ഷം

രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോവിഡ് രണ്ടാം തരംഗം തൊഴില്‍ മേഖലയില്‍ കനത്ത ആഘാതം സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രതിമാസ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനത്തിലെത്തിയതായാണ് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം ഇത് 6.5 ശതമാനമായിരുന്നു. കോവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമാണ് തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കാന്‍ കാരണം.

ഏപ്രിലില്‍ ആദ്യ രണ്ടാഴ്ചയില്‍ തന്നെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഉയരാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ മാര്‍ച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനമാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ (സിഎംഇഇ) ഡാറ്റ പ്രകാരം, ഏപ്രിലില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ആദ്യ നാല് ആഴ്ചകളില്‍ 8.2%, 8.6%, 8.4%, 7.4% എന്നിങ്ങനെയായിരുന്നു. മൂന്നാമത്തെയും നാലാമത്തെയും ആഴ്ചയില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു. എന്നാലും പ്രതിമാസ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനമാണെന്ന് സിഎംഇഇ വിശകലനം ചെയ്തു.

സിഎംഐഇയുടെ കണക്കനുസരിച്ച്, ഇന്ത്യയില്‍ 43.8 ദശലക്ഷം ആളുകളാണ് തൊഴില്‍രഹിതരായിട്ടുള്ളത്. ഇവരില്‍ 28 ദശലക്ഷത്തോളം പേരും സജീവമായി തൊഴില്‍ അന്വേഷിക്കുന്നവരാണെങ്കിലും ഇവര്‍ക്ക് ജോലി കണ്ടെത്താന്‍ സാധിക്കുന്നില്ല. ബാക്കി 16 ദശലക്ഷം പേര്‍ക്ക് ജോലി വേണമെങ്കിലും സജീവമായി അന്വേഷിക്കുന്നില്ല. കൂടാതെ, തൊഴില്‍രഹിതരായവരില്‍ ഭൂരിഭാഗവും യുവാക്കളും യുവതികളുമാണ്. 44 ദശലക്ഷത്തില്‍ 38 ദശലക്ഷം പേരും 15 നും 29 നും ഇടയില്‍ പ്രായമുള്ളവരാണ്. ഏകദേശം 22 ദശലക്ഷം ഇരുപതുകളുടെ തുടക്കത്തിലുള്ളരാണെന്നും സിഎംഐഇ പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved