
കഴിഞ്ഞ കുറെ നാളുകളായി സെമി കണ്ടക്റ്റര്‍ ചിപ്പുകളുടെ ക്ഷാമത്തെ കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിട്ട്. വാഹന- ഇലട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നതും വിതരണത്തിലെ കാലതാമസവും മുന്‍ നിര്‍ത്തി ആയിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ ചിപ്പ് ക്ഷാമം ആരോഗ്യ മേഖലയെയും ബാധിക്കുകയാണ്. ഇപ്പോഴത്തെ രീതി തുടരുകയാണെങ്കില്‍ ചിപ്പുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ വില 20 ശതമാനത്തോളം ഉയര്‍ന്നേക്കും. വില ഉയരുന്നത് മാത്രമല്ല ഇത്തരം ഉപകരണങ്ങള്‍ക്ക് ക്ഷാമം നേരിടും എന്നതാണ് പ്രധാന വെല്ലുവിളി. ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ അത് മെഡിക്കല്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ ഡിമാന്റ് കുതിച്ചുയരുന്നതിന് കാരണമായേക്കും. ഈ സാഹചര്യത്തില്‍ ചിപ്പ് ക്ഷാമം മെഡിക്കല്‍ ഉപകരണ നിര്‍മാണത്തെ ബാധിക്കുന്നത് വലിയ പ്രത്യാഘാങ്ങള്‍ ഉണ്ടാക്കിയേക്കാം.
ഡീഫൈബ്രിലേറ്ററുകള്‍, ടച്ച് സ്‌ക്രീന്‍ ഇസിജി മോണിറ്ററുകളൊക്കെ ഇപ്പോള്‍ തന്നെ വിപണിയില്‍ കിട്ടാതായിട്ടുണ്ട്. വെന്റിലേറ്ററുകള്‍, ഇമേജിംഗ് മെഷീനുകള്‍, ഗ്ലൂക്കോസ്, ഇസിജി, ബിപി മോണിറ്ററുകള്‍, പേസ്മേക്കറുകള്‍ തുടങ്ങിയവ ഉള്‍പ്പടെ തീവ്ര പരിചരണ വിഭാഗങ്ങളിലെ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് ചിപ്പുകള്‍ ആവശ്യമാണ്. നിലവിലുള്ള ചിപ്പുകളുടെ സ്റ്റോക്ക് തീരുന്നതോടെ പ്രതിസന്ധിയിലാകുമെന്ന് ബിപിഎല്‍ മെഡിക്കല്‍ ടെക്നോളജീസിന്റെ സിഇഒ & എംഡി സുനില്‍ ഖുറാന പറയുന്നു. അനസ്തേഷ്യ മെഷീനുകള്‍, മോണിറ്ററുകള്‍, ഐസിയു വെന്റിലേറ്ററുകള്‍ തുടങ്ങിയവ വില്‍ക്കുന്ന കമ്പനിയാണ് ബിപിഎല്‍ മെഡിക്കല്‍ ടെക്നോളജീസ്.
രാജ്യത്തെ മെഡിക്കല്‍ ഉപകരണ നിര്‍മാണത്തിന് ആവശ്യമായ ചിപ്പുകള്‍ വരുന്നത് ചൈന, ജപ്പാന്‍, യുഎസ്, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. ചൈനയിലെ ഊര്‍ജ പ്രതിസന്ധി 2022 മാര്‍ച്ചുവരെ തുടരുമെന്നാണ് വിലയിരുത്തല്‍. എല്ലാ നിര്‍മാണ ഘട്ടങ്ങളും കഴിഞ്ഞ് ചിപ്പുകളെത്താന്‍ ഇപ്പോള്‍ 100 ആഴ്ചകള്‍ വരെ സമയം എടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചിപ്പുകള്‍ക്കായി മറ്റ് വിതരണക്കാരെ സമീപിക്കുന്നത് പ്രായോഗികമല്ലെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് നിര്‍മിക്കപ്പെടുന്ന ചിപ്പുകളുടെ ഒരു ശതമാനം ആണ് മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്.
ചിപ്പ് നിര്‍മാണെ പ്ലാന്റുകള്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് 2012 മുതല്‍ കേന്ദ്രത്തെ ശ്രദ്ധയില്‍ പെടുത്തുന്നതാണെന്ന് സ്‌കാന്റെ ടെക്നോളജീസ് എംഡി വിശ്വപ്രസാദ് ആല്‍വ പറയുന്നു. പുതിയ ടെക്നോളജി വികസിപ്പിക്കാന്‍ സമയം എടുക്കുമെങ്കില്‍ ചൈനീസ് മാതൃക അതേപടി ഈ മേഖലയിലേക്ക് പകര്‍ത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സെമി കണ്ടക്ടറ്റര്‍ സ്ഥാപിക്കാന്‍ കേന്ദ്രം തായ് വാനുമായി ചര്‍ച്ചകള്‍ നടത്തുന്ന വിവരം ഈ മാസം ആദ്യം പുറത്തുവന്നിരുന്നു. എന്നാല്‍ അത് എത്രത്തോളം വിജയം ആകുമെന്ന് കണ്ടറിയണം. കാരണം ചിപ്പ് നിര്‍മാതാക്കളെ രാജ്യത്ത് എത്തിക്കാന്‍ 2017 മുതല്‍ 2020 വരെ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. ഇന്റലിനെ ഇന്ത്യയില്‍ എത്തിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും അവര്‍ വിയറ്റ്നാം തിരഞ്ഞെടുക്കുകയായിരുന്നു.
സെമി കണ്ടക്റ്റര്‍ ചിപ്പുകളുടെ ഹബ്ബ് ആയി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ഫലം ചെയ്താല്‍ അത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകും എന്നതില്‍ തര്‍ക്കമില്ല. കിട്ടാനില്ലെങ്കിലും ചിപ്പുകള്‍ക്ക് ആവിശ്യക്കാര്‍ വര്‍ധിക്കുകയാണ്. 2021 ല്‍ ഇതുവരെ 452 ബില്യണ്‍ ഡോളറിന്റെ കച്ചവടമാണ് ഈ മേഖലയില്‍ നടന്നത്. 2028 ഓടെ അത് 803 ബില്യണ്‍ ഡോളറിലെത്തും എന്നാണ് കണക്കുകള്‍.