
ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണ വില കുറയുന്നു. അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് 4590 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇന്ത്യയിലും ജപ്പാനിലും കൊറോണ വ്യാപനം നടക്കുന്നതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്ന ആശങ്ക ശക്തമാണ്. ഇതാണ് വിലയിടിവ് ഒരു കാരണം. എന്നാല്‍ ഇന്ത്യയില്‍ ആഭ്യന്തര വിപണിയില്‍ പെട്രോളിനും ഡീസലിനും കാര്യമായ വിലിയിടിവുണ്ടായില്ല. അടുത്ത മാസം എണ്ണവില കൂടുതല്‍ ഇടിഞ്ഞേക്കുമെന്നാണ് സൂചന.
ഇറാന്‍ ആഗോള എണ്ണ വിപണിയിലേക്ക് വീണ്ടും തിരിച്ചെത്തുമെന്നാണ് വിവരം. അമേരിക്ക ഇറാനെതിരായ ഉപരോധം അടുത്ത മാസം നീക്കിയേക്കും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുകയാണ്. ഉപരോധം നീക്കിയാല്‍ ഇറാന്റെ എണ്ണ കൂടി വിപണിയിലെത്തും. പ്രതിദിനം 20 ലക്ഷം ബാരല്‍ എണ്ണയാകും ഇറാന്‍ കയറ്റുമതി ചെയ്യുക എന്നാണ് കണക്കാക്കുന്നത്. കൂടുതല്‍ എണ്ണ വിപണിയിലെത്തുകയും കൊറോണ ആശങ്ക കുറയാതിരിക്കുകയും ചെയ്താല്‍ വിലയിടിയും.
ഇന്ന് ഉച്ചയ്ക്ക് ശേഷം വില ഇടിയുകയാണ് ചെയ്തത്. എണ്ണ ഉല്‍പ്പാദനം കൂട്ടണമെന്ന് ഇന്ത്യ അടുത്തിടെ ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതുവഴി വില കുറയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഒപെക് രാജ്യങ്ങളുടെ യോഗം അടുത്താഴ്ച നടക്കും. ഒരുപക്ഷേ നേരിയ തോതില്‍ ഉല്‍പ്പാദനം കൂട്ടിയേക്കുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാലും വില താഴുമെന്ന് ഉറപ്പാണ്. വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 0.59 ശതമാനം വില താഴ്ന്ന് ബാരലിന് 60.99 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡിന് 0.69 ശതമാനം വില കുറഞ്ഞ് 64.87 ഡോളറിലുമെത്തി.