
റിയാദ്: ഇന്ത്യയില്‍ എണ്ണ ഉപയോഗം കുറയുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയുടെ വില കുറച്ചു. കൊറോണ അതിവേഗം വ്യാപിക്കുന്ന ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്. ബിഹാര്‍ ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റു പലിയിടങ്ങളിലും ആഴ്ചകള്‍ നീളുന്ന നിയന്ത്രണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ എണ്ണ ഉപയോഗം കുറഞ്ഞത്. ഇത് ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്ന രാജ്യങ്ങളെയും ബാധിക്കുന്നു.
സൗദിയുടെ പ്രധാന വിപണിയാണ് ഇന്ത്യ. ലോകത്ത് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യവും ഇന്ത്യയാണ്. ഇന്ത്യന്‍ വിപണികള്‍ അടച്ചിടുന്നത് ലോക സാമ്പത്തിക രംഗത്തെ ബാധിക്കും. ഈ സാഹചര്യത്തില്‍ കൂടിയാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയുടെ വില സൗദി കുറച്ചിരിക്കുന്നത്. സൗദിയുടെ എണ്ണ കമ്പനിയായ അരാംകോ അറബ് ലൈറ്റ് പ്രീമിയം എണ്ണയ്ക്ക് 20 സെന്റ് കുറയ്ക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ ഡിസംബറിന് ശേഷം സൗദി എണ്ണ വില കുറയ്ക്കുന്നത് ആദ്യമാണ്.
നേരത്തെ വില ഉയര്‍ത്താന്‍ അവര്‍ ശ്രമം നടത്തിയിരുന്നു. ഈ വേളയില്‍ ഇന്ത്യ ഇടപെട്ടു. വില കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സൗദിയും ഒപെകിലെ മറ്റു രാജ്യങ്ങളും തയ്യാറായില്ല. എന്നാല്‍ പുതിയ സാഹചര്യം മനസിലാക്കിയാണ് സൗദിയുടെ തീരുമാനം. ജൂണില്‍ ഏഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്ന എണ്ണയുടെ വിലയിലാണ് കുറവ് വരുത്തിയിരിക്കുന്നത്. ആവശ്യക്കാര്‍ കുറഞ്ഞ സാഹചര്യത്തില്‍ ഒരുപക്ഷേ, ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം വെട്ടിച്ചുരുക്കാനും സാധ്യതയുണ്ട്. നിലവിലുള്ള ഉല്‍പ്പാദനം തുടരുകയും ആവശ്യക്കാര്‍ കുറയുകയും ചെയ്താല്‍ വില കുത്തനെ ഇടിയുന്ന സാഹചര്യമുണ്ടാകും. അതൊഴിവാക്കാന്‍ ഉല്‍പ്പാദനത്തില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ട് എന്ന് വിപണ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.