
ന്യൂയോര്‍ക്ക്: ലോകത്തെ മുന്‍നിര കയറ്റുമതിക്കാരായ സൗദി അറേബ്യ വാരാന്ത്യത്തില്‍ ഏഷ്യയുടെ ക്രൂഡ് വില കുറച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച എണ്ണവില നഷ്ടത്തിലേക്ക് നീങ്ങി. ആഗോള തലത്തില്‍ മികച്ച രീതിയില്‍ വിതരണം ചെയ്യപ്പെടുന്നുവെന്നതിന്റെ സൂചനയായാണ് ഇതിനെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
നവംബറിലെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 57 സെന്റ് അഥവാ 0.8 ശതമാനം ഇടിഞ്ഞ് 72.04 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ബാരലിന് 68.73 ഡോളറാണ്, ഇടിവ് 56 സെന്റ് അഥവാ 0.8 ശതമാനം. ഏറ്റവും വലിയ വാങ്ങല്‍ മേഖലയായ ഏഷ്യയ്ക്ക് വില്‍ക്കുന്ന എല്ലാ ക്രൂഡ് ഗ്രേഡുകളുടെയും വില ബാരലിന് ഒരു ഡോളറെങ്കിലും കുറയ്ക്കുമെന്ന് എണ്ണ ഭീമനായ സൗദി അരാംകോ ഞായറാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. ഏഷ്യന്‍ റിഫൈനറുകള്‍ പ്രതീക്ഷിച്ചിരുന്നതിലും വലിയ വില കുറയ്ക്കല്‍ പ്രഖ്യാപനം ആണിതെന്നാണ് വിലയിരുത്തല്‍. ഈഡാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ യുഎസ് വിതരണം പരിമിതമാകുമെന്ന ആശങ്കയും നഷ്ടങ്ങള്‍ക്ക് കാരണമായി.
യുഎസ് ഗള്‍ഫ് തീരത്തെ ഉത്പാദനം വീണ്ടെടുക്കാന്‍ പാടുപെടുന്നതിനാല്‍ അമേരിക്കന്‍ സര്‍ക്കാര്‍ തന്ത്രപരമായ പെട്രോളിയം കരുതല്‍ ശേഖരത്തില്‍ നിന്ന് ക്രൂഡ് പുറത്തിറക്കുന്നു. 1.7 ദശലക്ഷം ബാരല്‍ എണ്ണയും 1.99 ബില്യണ്‍ ഘനയടി പ്രകൃതിവാതക ഉല്‍പാദനവും ഓഫ് ലൈനില്‍ തുടരുകയാണെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. വൈദ്യുതി ക്ഷാമം ചില റിഫൈനറികള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നു. ഓയില്‍ റിഗ് എണ്ണം മാത്രം 2020 ജൂണിന് ശേഷം ഏറ്റവും കുറഞ്ഞ സാഹചര്യത്തിലുമാണ്.